Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയിലും അർജന്റീന ദേശീയ ടീമിലുമുൾപ്പെടെ അഗ്യൂറോയെ കാത്തിരിക്കുന്നത് നാലു ജോലി ഓഫറുകൾ

Sreejith N
Sergio Aguero of Barcelona Press Conference
Sergio Aguero of Barcelona Press Conference / Quality Sport Images/GettyImages
facebooktwitterreddit

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഫുട്ബോളിൽ നിന്നു തന്നെ വിരമിക്കൽ പ്രഖ്യാപിച്ച സെർജിയോ അഗ്യൂറോയെ കാത്തിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയിലും അർജന്റീന ദേശീയ ടീമിലുമുൾപ്പെടെ നാല് ജോലിക്കുള്ള ഓഫറുകളെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ബുധനാഴ്‌ചയാണ് ക്യാമ്പ് നൂവിൽ വെച്ചു നടന്ന വൈകാരികമായ ചടങ്ങിൽ വെച്ച് അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

പത്തു വർഷത്തോളം മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ച് അവരുടെ എക്കാലത്തേയും മികച്ച ടോപ് സ്‌കോറർ എന്ന നേട്ടം സ്വന്തമാക്കി പടിയിറങ്ങിയ അഗ്യൂറോ കഴിഞ്ഞ സമ്മർ ജാലകത്തിലാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. പരിക്കു മൂലം ഏതാനും മത്സരങ്ങൾ മാത്രം കളിച്ച താരത്തിനു ഒക്ടോബർ അവസാനം അലാവസിനെതിരെ നടന്ന മത്സരത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഇനിയും കളി തുടർന്നാൽ അതു ജീവനു തന്നെ അപകടം വരും എന്നതിനാൽ വിരമിക്കാൻ നിർബന്ധിതനായ താരത്തിനു പുതിയ വേഷം ഓഫർ ചെയ്‌തിരിക്കുന്നത്‌ അഗ്യൂറോ ചരിത്രം കുറിച്ച ക്ലബായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. ക്ലബിന്റെ അംബാസിഡർ സ്ഥാനമാണ് അഗ്യൂറോക്ക് സിറ്റി ഓഫർ ചെയ്‌തതെന്ന് അർജന്റീനിയൻ മാധ്യമമായ ഒലെയെ അധികരിച്ച് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം അഗ്യൂറോക്കുള്ള മൂന്നു ഓഫറുകൾ വന്നിരിക്കുന്നത് താരത്തിന്റെ മാതൃരാജ്യമായ അർജന്റീനയിൽ നിന്നുമാണ്. അർജന്റീന ദേശീയ ടീമിൽ സ്‌കലോണിയുടെ അസിസ്റ്റൻറ് പരിശീലകനായും അർജന്റീന യൂത്ത് ടീമുകളിൽ ഒന്നിലെ സ്ഥാനവും താരത്തിന് ഓഫർ ചെയ്‌തിട്ടുണ്ട്‌.

ക്ലബിൽ നിന്നും ദേശീയ ടീമിൽ നിന്നും മാറി നിൽക്കാനാണ് അഗ്യൂറോ ആഗ്രഹിക്കുന്നത് എങ്കിൽ ടെലിവിഷൻ പണ്ഡിറ്റ് എന്ന ജോലി ഏറ്റെടുക്കാനുള്ള ഓഫറും താരത്തിനു മുന്നിലുണ്ട്. എന്നാൽ ഇതിലൊന്നിന്റെ കാര്യത്തിലും നിലവിൽ യാതൊരു തീരുമാനവും അഗ്യൂറോ എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit