Football in Malayalam

മാഞ്ചസ്റ്റർ സിറ്റി വിട്ടാലും അഗ്യൂറോ പ്രീമിയർ ലീഗിൽ തുടർന്നേക്കും; താരത്തിൽ കണ്ണുവെച്ച് ചെൽസി

By Gokul Manthara
Manchester City v Arsenal FC - Premier League
Manchester City v Arsenal FC - Premier League / Clive Mason/Getty Images
facebooktwitterreddit

വരുന്ന ജൂണിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈ‌ൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ്ബ് വിട്ടാലും പ്രീമിയർ ലീഗിൽ തുടർന്നേക്കുമെന്ന് സൂചന.‌ സിറ്റിയിൽ നിന്ന് പോകേണ്ടി വന്നാലും മറ്റൊരു ക്ലബ്ബിനൊപ്പം ചേർന്ന് പ്രീമിയർ ലീഗിൽ തുടരാൻ അഗ്യൂറോക്ക് താല്പര്യമുണ്ടെന്ന് ടൈംസ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പരിക്കിനെത്തുടർന്ന് ഈ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായ അഗ്യൂറോയെ സ്വന്തമാക്കാൻ ഏറ്റവുമധികം താല്പര്യമുള്ള ക്ലബ്ബുകളിലൊന്ന് തോമസ് ടുഷലിന്റെ ചെൽസിയാണെന്നാണ് സൂചനകൾ. നേരത്തെ ഒരു പതിറ്റാണ്ട് മുൻപ് അഗ്യൂറോ അത്ലറ്റിക്കോ മാഡ്രിഡ് വിടുന്ന സമയം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന‌ ചെൽസിക്ക് ഇപ്പോളും താരത്തെ ടീമിലെത്തിക്കാൻ അതേ താല്പര്യമുണ്ടെന്നാണ് ഇംഗ്ലണ്ടിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തോമസ് ടുഷലിന്റെ വരവോടെ ചെൽസി കൂടുതൽ മികച്ച ടീമായി മാറിയെങ്കിലും ഗോളടിക്കുന്ന കാര്യത്തിൽ ടീമിന് ഇനിയും പുരോഗതി ആവശ്യമുണ്ട്. അത് കൊണ്ടു‌ തന്നെ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കുന്നതിനാണ് അവർ മുൻഗണന നൽകുന്നത്. ഈ സ്ഥാനത്തേക്ക് അഗ്യൂറോയെയാണ് അവർ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചനകൾ.

അതേ സമയം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കും അഗ്യൂറോയിൽ കണ്ണുണ്ട്. ബാഴ്സലോണ മാനേജ്മെന്റ് അഗ്യൂറോക്കായി ശക്തമായി രംഗത്തുണ്ടെന്നും ഇരു കൂട്ടരും തമ്മിൽ കരാർ കാര്യത്തിൽ പ്രാരംഭ ചർച്ചകൾ നടന്ന് കഴിഞ്ഞതായും അഭ്യൂഹങ്ങളുമുണ്ട്. എന്നാൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടി വീരന്മാരിലൊരാളായ അഗ്യൂറോ ക്ലബ്ബുമായുള്ള കരാർ പുതുക്കുമോ, അതോ ചെൽസി, ബാഴ്സലോണ ടീമുകളിൽ ഏതിലേക്കെങ്കിലും ചേക്കേറുമോ എന്നത് കണ്ടു തന്നെ അറിയണം.

facebooktwitterreddit