Football in Malayalam

നിറകണ്ണുകളോടെ ഫുട്ബോളിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ച് സെർജിയോ അഗ്യൂറോ

Sreejith N
Sergio Aguero of Barcelona Press Conference
Sergio Aguero of Barcelona Press Conference / Quality Sport Images/GettyImages
facebooktwitterreddit

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം കളിക്കളത്തിൽ തുടരാൻ കഴിയില്ലെന്നതിനാൽ ഫുട്ബോളിൽ നിന്നുമുള്ള വിടവാങ്ങൽ പ്രഖ്യാപിച്ച് ബാഴ്‌സലോണയുടെ അർജന്റീനിയൻ താരമായ സെർജിയോ അഗ്യൂറോ. ബാഴ്‌സലോണയുടെ ആസ്ഥാനത്തു വെച്ചു നടന്ന ചടങ്ങിൽ താൻ കളിക്കളം വിടുകയാണെന്ന കാര്യം കരച്ചിൽ അടക്കാൻ കഴിയാതെ താരം അറിയിച്ചപ്പോൾ കണ്ടു നിന്ന ഫുട്ബോൾ ആരാധകർക്കും അതു വേദനയായി മാറി.

മുപ്പത്തിമൂന്നു വയസുള്ള താരം ഇൻഡിപെൻഡിന്റെ, അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കു വേണ്ടി കളിച്ചതിനു ശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ബാഴ്‌സയിൽ എത്തിയത്. ഒക്ടോബർ 30നു അലാവസുമായി നടന്ന ലീഗ് മത്സരത്തിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കളിക്കളം വിട്ട താരത്തിന് പിന്നീട് നടത്തിയ പരിശോധനയിലാണ് കാർഡിയാക് അരിത്മിയയെന്ന രോഗം സ്ഥിരീകരിക്കുന്നതും കളിക്കളം വിടേണ്ട സാഹചര്യം ഉണ്ടാകുന്നതും.

"പ്രൊഫെഷണൽ ഫുട്ബോളിൽ കളിക്കുന്നത് നിർത്താൻ ഞാൻ തീരുമാനിച്ചു എന്നു നിങ്ങളെ അറിയിക്കുന്നതിനാണിത്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്."

"ഒന്നാമതായി എന്റെ ആരോഗ്യമാണ്, ഒരു മാസത്തിനു മുൻപ് എനിക്കുണ്ടായ പ്രശ്‌നം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ഡോക്ടർമാരിൽ നിന്നും എനിക്ക് മികച്ച ചികിത്സയാണു ലഭിച്ചത്. അവർ എന്നോട് കളി നിർത്തുകയാണ് ഉചിതമെന്നു പറഞ്ഞതിനെ തുടർന്ന് ഒരാഴ്‌ചയോ പത്തു ദിവസമോ മുൻപാണ് ഞാനീ തീരുമാനം എടുത്തത്."

"എന്തെങ്കിലും പ്രതീക്ഷയുണ്ടാകുമോ എന്നറിയാൻ വേണ്ടി ഞാൻ ഞാൻ സാധിക്കുന്നതു പോലെ എല്ലാം ചെയ്‌തു. എന്നാൽ അതൊന്നും ഉണ്ടായില്ല. എന്നാൽ എന്റെ കരിയർ കടന്നു പോയ വഴികളിൽ എനിക്ക് അഭിമാനമുണ്ട്."

എനിക്ക് അഞ്ചു വയസുള്ളപ്പോൾ മുതൽ ഫുട്ബോൾ കളിക്കണം എന്നും അർജന്റീനിയൻ ഫസ്റ്റ് ഡിവിഷനിൽ ആയിരിക്കണമെന്നും ഞാൻ സ്വപ്‌നം കണ്ടിരുന്നു. എന്നാൽ യൂറോപ്പിലേക്ക് പോകുന്ന കാര്യം ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല."

ഇന്ഡിപെന്ഡെന്റെക്കും പതിനെട്ടു വയസു മുതൽ എന്നിൽ വിശ്വാസം അർപ്പിച്ച അത്ലറ്റികോ മാഡ്രിഡിനും, സിറ്റിയിൽ ഉള്ളവർക്കും ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് എന്താണ് തോന്നുന്നതെന്ന് അവർക്കറിയാം, ഞാൻ ഏറ്റവും മികച്ചതാണ് അവിടെ നൽകിയിരിക്കുന്നത്."

"ബാഴ്‌സലോണയിൽ എത്തിയത് അവിശ്വസനീയമായ കാര്യമാണ്. ഞാൻ ലോകത്തിലെ ഏറ്റവും വലിയ ക്ലബിലേക്കാണ് വന്നത് എന്നെനിക്കറിയാം, എല്ലാം സംഭവിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ഞാൻ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന ദേശീയ ടീമിന്റെ കാര്യത്തിലും." അഗ്യൂറോ പറഞ്ഞു.

ബാഴ്‌സലോണക്കു വേണ്ടി നേടിയ ഒരേയൊരു ഗോൾ താൻ ഒരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു. ഈ സീസണിൽ നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സ തോറ്റെങ്കിലും പകരക്കാരനായി ഇറങ്ങിയ അഗ്യൂറോ മത്സരത്തിൽ കാറ്റലൻ ക്ലബിനു വേണ്ടിയുള്ള തന്റെ ആദ്യഗോളും ഒരേയൊരു ഗോളും സ്വന്തമാക്കിയിരുന്നു.

കരിയറിൽ 666 മത്സരങ്ങളിൽ നിന്നും 379 ഗോളുകളും 146 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം അഞ്ചു പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരം ദേശീയ ടീമിനൊപ്പം ഒരു കോപ്പ അമേരിക്ക, രണ്ട് U20 ലോകകപ്പ്, ഒരു ഒളിമ്പിക് മെഡൽ എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit