Football in Malayalam

ബാഴ്‌സലോണ താരങ്ങൾ സ്വയം വിശ്വസിക്കണം, നിരാശപ്പെടുത്തുന്ന സമനിലയിലും ടീമിനെ പ്രശംസിച്ച് താൽക്കാലിക പരിശീലകൻ

Sreejith N
FC Barcelona v Deportivo Alaves - LaLiga Santander
FC Barcelona v Deportivo Alaves - LaLiga Santander / Quality Sport Images/GettyImages
facebooktwitterreddit

തരം താഴ്ത്തൽ മേഖലയിലുള്ള അലാവസിനെതിരെ സ്വന്തം മൈതാനത്ത് സമനില വഴങ്ങിയെങ്കിലും ബാഴ്‌സലോണയുടെ പ്രകടനത്തെ പ്രശംസിച്ച് താൽക്കാലിക പരിശീലകനായ സെർജി ബാർജുവാൻ. ടീമിലെ താരങ്ങൾ വളരെ മികച്ചവരാണെങ്കിലും അവർ സ്വയം വിശ്വസിക്കേണ്ടതുണ്ടെന്ന് മത്സരത്തിനു ശേഷം ബാർജുവാൻ പറഞ്ഞു. ഡീപേയ് നേടിയ ഗോളിൽ മുന്നിലെത്തിയ ബാഴ്‌സക്കെതിരെ ഏതാനും മിനുറ്റുകൾക്കകം തന്നെലൂയിസ് റയോഹയിലൂടെ ആലാവസ് സമനില ഗോൾ നേടുകയായിരുന്നു.

"ഞങ്ങൾക്കു കഴിയുന്നതു പോലെ തന്നെയാണ് ഞങ്ങൾ മത്സരം പ്ലാൻ ചെയ്‌തത്‌. പന്തടക്കം പുലർത്തി, ലൈനുകളിലൂടെയുള്ള മുന്നേറ്റങ്ങൾ നടത്തിയാണ് ടീം മുന്നോട്ടു പോയത്, കീവിനെതിരായ മത്സരത്തിലും ഞാൻ തന്നെയാണ് പരിശീലകനെങ്കിൽ ഇതു തന്നെയാണ് ഞാൻ ചെയ്യുക. ടീമിനെ വീണ്ടും ഉയർത്തിയെടുക്കാൻ ഞങ്ങൾ ശ്രമിക്കും. അവർ വളരെ മികച്ചതാണെന്ന് അവർക്കറിയാം, ആ വിശ്വാസം സ്വയം ഉണ്ടാവുകയാണ് ഇനി വേണ്ടത്."

"എനിക്കു വളരെ കുറച്ചു സമയം മാത്രമാണ് ടീമിനൊപ്പം ലഭിച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും ക്രമം ഉണ്ടാക്കാൻ ശ്രമിച്ചത് താരങ്ങൾ കളിയിൽ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു, ഞങ്ങൾ ചില പിഴവുകൾ തിരുത്തിയിരുന്നു. എന്നാൽ മോശം ഫലമുണ്ടായാൽ അതിൽ നിന്നും തിരിച്ചു വരുന്നത് പ്രയാസമാണ്." ബോർജുവാൻ മത്സരത്തിനു ശേഷം പറഞ്ഞു.

ഏതാനും തുറന്ന അവസരങ്ങൾ സൃഷ്‌ടിച്ച ബാഴ്‌സ കൂടുതൽ അർഹിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരം നിയന്ത്രിക്കാനും ആദ്യപകുതിക്കു ശേഷം തെറ്റുകൾ തിരുത്താനും കഴിഞ്ഞെങ്കിലും ഉദ്ദേശിച്ച ഫലമല്ല തങ്ങൾക്കു ലഭിച്ചതെന്നു പറഞ്ഞ അദ്ദേഹം ഒരു ഒറ്റപ്പെട്ട മുന്നേറ്റത്തിൽ എതിരാളികൾ സമനില ഗോൾ നേടിയ കാര്യവും ചൂണ്ടിക്കാട്ടി.

മത്സരത്തിൽ സമനില വഴങ്ങിയതോടെ ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തു തുടരുകയാണ് ബാഴ്‌സലോണ. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് എട്ടു പോയിന്റ് പിന്നിൽ നിൽക്കുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഡൈനാമോ കീവിനെയാണ് അടുത്തതു നേരിടുക.

facebooktwitterreddit