Erling Haaland

വ്ലാഹോവിച്ച് എർലിങ് ഹാലൻഡിനേക്കാൾ മികച്ച താരമാണെന്ന് സെർബിയൻ എഫ്എ പ്രസിഡന്റ്

Sreejith N
Serbian FA President Claims Vlahovic Better Than Haaland
Serbian FA President Claims Vlahovic Better Than Haaland / Jonathan Moscrop/GettyImages
facebooktwitterreddit

യുവന്റസ് താരമായ ദുസൻ വ്ലാഹോവിച്ച് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ എർലിങ് ഹാലൻഡിനേക്കാൾ മികച്ച താരമാണെന്ന് സെർബിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നേനാദ് ബൈക്കോവിച്ച്. ഹാലൻഡിനെ അപേക്ഷിച്ച് കൂടുതൽ പൂർണനായ കളിക്കാരനാണ് വ്ലാഹോവിച്ചെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

പത്തൊൻമ്പതാം വയസിൽ തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി പേരെടുത്ത എർലിങ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതോടെ കരിയറിൽ വലിയൊരു മാറ്റത്തിനായി തയ്യാറെടുക്കുകയാണ്. അതേസമയം കഴിഞ്ഞ സീസണിൽ ഫിയോറെന്റീനക്കു വേണ്ടി ഗംഭീര പ്രകടനം നടത്തി ജനുവരിയിൽ യുവന്റസിലെത്തിയ വ്ലാഹോവിച്ച് അടുത്ത സീസണിൽ ക്ലബ്ബിനെ കിരീടനേട്ടങ്ങളിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

"വ്ലാഹോവിച്ച് ഹാലൻഡിനേക്കാൾ മികച്ചതും പൂർണതയുള്ള താരവുമാണ്. നോർവീജിയൻ താരത്തിന് വിനാശകരമായ കരുത്തുണ്ട്. പക്ഷെ ദുസൻ അതിനേക്കാൾ താഴ്ന്നവനല്ല. അവരുടെ ഉയരത്തിലും വളരെ ചെറിയ വ്യത്യാസമുണ്ട്." ഇറ്റാലിയൻ മാധ്യമം ടുട്ടോസ്പോർട്ടിനോട് സംസാരിക്കുമ്പോൾ ബൈക്കോവിച്ച് പറഞ്ഞു.

"യുവന്റസ് താരത്തിന്റെ വ്യത്യസ്‌തതയും കളിക്കുന്ന ശൈലിയും കൂടുതൽ മികച്ചതാണ്. മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും കമീഷൻ ഉൾപ്പെടെ ഏറെക്കുറെ ഒരേ ഫീസാണ് രണ്ടു താരങ്ങൾക്കും വേണ്ടി ബൊറൂസിയ ഡോർട്മുണ്ടിനും ഫിയോറെന്റീനക്കും നൽകിയത്."

അടുത്ത സീസണിൽ ഈ രണ്ടു താരങ്ങളുടെയും പ്രകടനത്തെ വളരെ താല്പര്യപൂർവമാണ് ആരാധകർ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും അടുത്ത സീസണിലേക്കായി ടീമിനെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നുണ്ട് എന്നതിനാൽ തന്നെ ഈ രണ്ടു താരങ്ങൾക്കും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അവസരമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit