"മാനേക്ക് ഏറ്റവും മികച്ച അനുഭവം നൽകുക ബയേൺ മ്യൂണിക്കാണ്"- താരത്തെ ലിവർപൂൾ വിടാൻ പ്രേരിപ്പിച്ച് സെനഗൽ പരിശീലകൻ

Senegal Coach Encourages Mane To Join Bayern Munich
Senegal Coach Encourages Mane To Join Bayern Munich / Etsuo Hara/GettyImages
facebooktwitterreddit

ലിവർപൂൾ സൂപ്പർതാരമായ സാഡിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെയധികം ശക്തമാണിപ്പോൾ. സീസൺ പൂർത്തിയായതിനു പിന്നാലെ ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെടുകയും ലിവർപൂളുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിനായി ബയേൺ ഓഫർ നൽകുകയും ചെയ്‌തു. എന്നാൽ നിലവിൽ ഇതൊന്നും ലിവർപൂൾ പരിഗണിച്ചിട്ടില്ല.

അതിനിടയിൽ സാഡിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറണമെന്നാണ് സെനഗൽ പരിശീലകനായ അലിയൂ സിസെ പറയുന്നത്. ലിവർപൂളിനോപ്പം ക്ലബ് തലത്തിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ഇംഗ്ലണ്ട് വിടുകയാണെങ്കിൽ ചേക്കേറാൻ ഏറ്റവും മികച്ച ഇടം ബയേൺ മ്യൂണിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

"എന്റെ കളിക്കാരോട് കരാർ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ഞാൻ പറയാറുണ്ട്. അങ്ങനെയാകുമ്പോൾ ചാമ്പ്യൻഷിപ്പ് വീണ്ടും തുടങ്ങുന്നതിനു മുൻപ് തന്നെ അവർക്കൊരു അടിസ്ഥാനം ഉണ്ടാക്കാൻ സാധിക്കും. സാഡിയോ ബയേണിലേക്കെന്ന് ഞാൻ കേട്ടിരുന്നു. അത് താരത്തിന് അനുയോജ്യമാണ്. ജർമൻ കോച്ച് പരിശീലിപ്പിക്കുന്ന തീവ്രതയുള്ള, പ്രെസ്സിങ് ഫുട്ബോൾ കളിക്കുന്ന ക്ലബാണ് ബയേൺ." സിസെ മാധ്യമങ്ങളോട് പറഞ്ഞു.

"സാഡിയോ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ കളിച്ചിരുന്നു, അതൊരു അതിർത്തി രാജ്യമാണ്. ഒട്ടുമറിയാത്ത ഒരു സ്ഥലത്തേക്കല്ല താരം പോകുന്നത്. താരത്തിന് ഏറ്റവും മികച്ച അനുഭവം നൽകാൻ കഴിയുന്ന ക്ലബ് ബയേൺ മ്യൂണിക്ക് ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്." സിസെ വ്യക്തമാക്കി.

2016ൽ സൗത്താംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തിയ മാനെ ക്ലബിന് വേണ്ടി 196 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 90 ഗോളുകൾ നേടിയിട്ടുണ്ട്. ഇക്കാലയളവിൽ ഹാരി കേൻ (134), മൊഹമ്മദ് സലാ (118), ജെമീ വാർഡി (104) എന്നിവർ മാത്രമാണ് മാനെയെക്കാൾ പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.