Football in Malayalam

"പിഎസ്‌ജിക്കു വേണ്ടി മരണം വരെ പോരാടും"- റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ പ്രതികരിച്ച് സെർജിയോ റാമോസ്

Sreejith N
FBL-EUR-C1-MAN CITY-PSG
FBL-EUR-C1-MAN CITY-PSG / OLI SCARFF/GettyImages
facebooktwitterreddit

അസാധാരണമായ ചില സംഭവവികാസങ്ങൾക്കു ശേഷം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് വീണ്ടും നടന്നപ്പോൾ അതിൽ ശ്രദ്ധയാകർഷിച്ച മത്സരം റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിലുള്ളതാണ്. ലയണൽ മെസി വീണ്ടും റയലിനെതിരെ ഇറങ്ങുന്നു എന്നതിലുപരി മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിനു തന്റെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുപോക്കിനു കൂടിയാണ് മത്സരം അവസരമൊരുക്കിയിരിക്കുന്നത്.

നിരവധി വർഷങ്ങൾ കളിച്ച, ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡിനു പകരം മറ്റൊരു ടീമിനെയാണ് താൻ ചാമ്പ്യൻസ് ലീഗിൽ എതിരിടാൻ ആഗ്രഹിക്കുന്നതെന്നാണ് റാമോസ് ഇന്നലെ നടന്ന നറുക്കെടുപ്പിനു ശേഷം പ്രതികരിച്ചത്. അതേസമയം കളിക്കളത്തിൽ പിഎസ്‌ജിക്കു വേണ്ടി മരണം വരെയും പോരാടാൻ തയ്യാറാവുമെന്നും താരം കൂട്ടിച്ചേർത്തു.

"ഞാൻ വന്നുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഇഷ്‌ടപ്പെട്ട ടീമുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് പിഎസ്‌ജിക്ക് എതിരാളികളായി ലഭിച്ചിരുന്നത്. പക്ഷെ ആ നറുക്കെടുപ്പ് പിന്നീട് സാധുവല്ലാതായി മാറി. ഈ പോരാട്ടം ഞാൻ തിരഞ്ഞെടുക്കാൻ ഇഷ്‌ടപ്പെടുന്ന ഒന്നല്ലെങ്കിലും സാന്റിയാഗോ ബെർണാബുവിലേക്ക് തിരിച്ചു പോകുന്നത് സന്തോഷമാണ്. കോവിഡ് കാരണം എനിക്ക് യാത്ര ചോദിക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു."

"വിധിയെന്നത് എളുപ്പത്തിൽ മാറുന്ന ഒന്നാണ്. മറ്റൊരു ടീമിനെ പിഎസ്‌ജി നേരിടാനാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. റയൽ മാഡ്രിഡിനോട് എനിക്കുള്ള സ്നേഹവും താൽപര്യവും നിങ്ങൾക്കറിയാമല്ലോ. എന്നാൽ ഇതു പിഎസ്‌ജിയെ പ്രതിരോധിക്കാൻ എനിക്കുള്ള അവസരമാണ്, അടുത്ത ഘട്ടത്തിലേക്ക് അവർ മുന്നേറാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും. എന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിർന്ന ടീമാണവർ, അവർക്കു വേണ്ടി ഞാൻ മരണം വരെ പോരാടും." റാമോസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തുടർച്ചയായ പരിക്കുകൾ മൂലം പിഎസ്‌ജിക്കു വേണ്ടി റാമോസിന് ഒരേയൊരു മത്സരം മാത്രമേ ഇതുവരെ പിഎസ്‌ജിക്കു വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ റയൽ മാഡ്രിഡുമായി നടക്കുന്ന മത്സരത്തിന് ഇനിയും സമയം ബാക്കിയുള്ളതിനാൽ പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിൽ ഇറങ്ങാൻ കഴിയുമെന്നാണ് താരവും ആരാധകരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit