Football in Malayalam

'ഉടൻ തന്നെ ബീച്ചിൽ കാണാം'; റൊണാൾഡോ, എംബാപ്പെ, ന്യൂയർ എന്നിവരെ ട്രോളി ഹംഗറി പരിശീലകൻ മാർക്കോ റോസി

Gokul Manthara
FBL-EUR-NATIONS-FRA-POR
FBL-EUR-NATIONS-FRA-POR / FRANCK FIFE/Getty Images
facebooktwitterreddit

പോർച്ചുഗൽ, ജെർമ്മനി, ഫ്രാൻസ് ടീമുകൾ പ്രീക്വാർട്ടറിൽ പരാജയപ്പെട്ട് യൂറോ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഈ ടീമുകളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മാനുവൽ ന്യൂയർ, കെയ്ലിൻ എംബാപ്പെ എന്നിവരെ ട്രോളി ഗ്രൂപ്പ് ഘട്ടത്തിൽ അവർക്കൊപ്പം കളിച്ച ഹംഗറി ടീമിന്റെ പരിശീലകനായ മാർക്കോ റോസി. റൊണാൾഡോയും, എംബാപ്പെയും, ന്യൂയറും പെട്ടിയുമായി ഒരു ബീച്ചിനരികിലൂടെ നടന്ന് നീങ്ങുന്നത് താൻ കടലിന് മുൻ വശത്ത് നിന്ന് നോക്കുന്നതായി ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ഹംഗറി പരിശീലകൻ, ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത്, ' ഉടൻ തന്നെ ബീച്ചിൽ കാണാം' എന്ന ക്യാപ്ഷനും കൊടുത്തു.

ടൂർണമെന്റിൽ നിന്നുള്ള തങ്ങളുടെ പുറത്താകലിന് വഴി വെച്ച ടീമുകളിലെ, പ്രധാന കളികാരോടുള്ള തമാശ രീതിയിലുള്ള പ്രതികാരമായിരുന്നു ഇത്തരമൊരു ട്രോളിലൂടെ ഹംഗറി ബോസ് കാണിച്ചത്. എന്നാൽ സംഭവം തമാശക്ക് ചെയ്തതാണെങ്കിലും ജെർമ്മനി, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളുടെ ആരാധകരുടെ മുറിവിൽ കൂടുതൽ ഉപ്പുതേക്കുന്നതിന് സമാനമായി ഇത്.

നേരത്തെ‌ യൂറോ 2020 ന്റെ മരണഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ടിരുന്ന ഗ്രൂപ്പ് എഫിൽ ഫ്രാൻസ്, ജെർമ്മനി, പോർച്ചുഗൽ ടീമുകൾക്കൊപ്പം കളിച്ച ഹംഗറി ഫുട്ബോൾ ലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നിർഭാഗ്യം കൊണ്ടു മാത്രം പ്രീക്വാർട്ടർ യോഗ്യത നേടാനാവാതെ പോയ അവർ, പക്ഷേ ആരാധകരുടെ മനം നിറച്ചാണ് മടങ്ങിയത്.

അതേ‌ സമയം മരണഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തിയ മൂന്ന് ടീമുകൾക്കും (ഫ്രാൻസ്, ജെർമ്മനി, പോർച്ചുഗൽ) പ്രീ ക്വാർട്ടറിൽ കാൽ വഴുതുകയായിരുന്നു. വാശിയേറിയ പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത ഒരു ഗോളിന് ബെൽജിയത്തോട് പരാജയപ്പെട്ടപ്പോൾ, ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ സ്വിറ്റ്സർലൻഡാണ് ഫ്രാൻസിനെ വീഴ്ത്തിയത്. ജെർമ്മനിയാവട്ടെ കരുത്തരായ ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ 2 ഗോളിന് തോറ്റാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

facebooktwitterreddit