ചാമ്പ്യൻസ് ലീഗ് സ്വപ്നം കാലിൽ പച്ചകുത്തി, നേടിയത് ബെർണാബൂവിൽ റയലിനെതിരായ വിജയഗോൾ


സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡും മോൾഡോവൻ ക്ലബായ ഷെരിഫും തമ്മിൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ എൺപത്തിയൊമ്പതാം മിനുട്ടിൽ ലക്സംബർഗ് മധ്യനിര താരം സെബാസ്റ്റ്യൻ തിൽ ബോളിലുതിർത്ത ഇടംകാലൻ ഷോട്ട് തിബോ ക്വാർട്ടുവായെ മറികടന്ന് പോസ്റ്റിന്റെ മൂലയിലൂടെ ഗോൾവലയെ ചുംബിച്ചപ്പോൾ റയൽ ആരാധകർക്കത് നിരാശയായിരുന്നു എങ്കിലും ഗോൾ നേടിയ തില്ലിനെ സംബന്ധിച്ച് അതു തന്റെ വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ അങ്ങേയറ്റമായിരുന്നു.
പതിമൂന്നു തവണ യൂറോപ്പിലെ പ്രധാന കിരീടമുയർത്തിയ റയൽ മാഡ്രിഡിനെ അവരുടെ മൈതാനത്ത് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന കുഞ്ഞൻടീമുകളിലൊന്നായ ഷെരിഫ് കീഴടക്കിയത് ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാകുമ്പോൾ വിജയഗോൾ നേടിയ തില്ലിനെ സംബന്ധിച്ച് തന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നത്തിനു ലഭിച്ച ഇരട്ടിമധുരമായിരുന്നു അത്.
Sheriff Tiraspol's Sebastien Thill has a tattoo that shows him dreaming of playing in the Champions League.
— Goal (@goal) September 28, 2021
On Tuesday, he scored the winner against Real Madrid at the Santiago Bernabeu.
? pic.twitter.com/1dlpAfuUTa
ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും കിരീടമുയർത്തുന്നതും തന്റെ സ്വപ്നമായി കരുതുന്ന സെബാസ്റ്റ്യൻ തിൽ അതിന്റെ ചിത്രം തന്റെ ഇടത്തെ കാലിൽ പച്ചകുത്തിയിട്ടുണ്ട്. ഇടത്തെ കാൽമുട്ടിനു താഴെ ലക്സംബർഗിന്റെ പതാകയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന തന്റെ ചിത്രവുമാണ് തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. ആ കാൽ കൊണ്ടു തന്നെയാണ് താരം ഗോൾ നേടിയതെന്നത് മനോഹരമായൊരു യാദൃശ്ചികത കൂടിയായി.
"തീർച്ചയായും ഇതെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും വളരെ പ്രധാനപ്പെട്ടതുമായ ഗോളാണ്." മത്സരത്തിനു ശേഷം ഇരുപത്തിയേഴുകാരനായ താരം പറഞ്ഞു. വളരെ മികച്ചൊരു മത്സരം കളിച്ചതിൽ സന്തോഷമുണ്ടെന്നും ബുദ്ധിമുട്ടേറിയ ഗ്രൂപ്പിൽ നിന്നും മുന്നേറാൻ ഇനിയുള്ള ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുമെന്നും താരം കൂട്ടിച്ചേർത്തു.
മോൾഡോവയിൽ നിന്നും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്ന ആദ്യത്ത ക്ലബാണ് ഷെരിഫ്. കഴിഞ്ഞ മത്സരത്തിൽ ഷാക്തറിനെ കീഴടക്കിയ അവർ റയലിനെതിരെയും വിജയം നേടിയതോടെ നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ്. ഇന്റർ മിലാനെതിരെ സാൻ സിറോയിൽ വെച്ചു നടക്കുന്ന അടുത്ത മത്സരത്തിൽ ടീം മറ്റൊരു സർപ്രൈസ് നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.