Football in Malayalam

ചാമ്പ്യൻസ് ലീഗിലെ അത്ഭുതപ്രകടനം; മെസി, റൊണാൾഡോ, ലെവൻഡോസ്‌കി എന്നിവർക്കൊപ്പമെത്തി അയാക്‌സ് താരം സെബാസ്റ്റ്യൻ ഹാളർ

Sreejith N
Besiktas v AFC Ajax: Group C - UEFA Champions League
Besiktas v AFC Ajax: Group C - UEFA Champions League / Aziz Karimov/GettyImages
facebooktwitterreddit

വെസ്റ്റ് ഹാമിൽ നിന്നും കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അയാക്‌സിലെത്തിയ സെബാസ്റ്റ്യൻ ഹാളർക്കു പക്ഷെ അതിനു ശേഷം ആ സീസണിൽ നടന്ന യൂറോപ്പ ലീഗ് മത്സരങ്ങളിൽ ടീമിനൊപ്പം കളിക്കാൻ കഴിഞ്ഞില്ലായിരുന്നു. അയാക്‌സിന്റെ സ്റ്റാഫുകൾ യൂറോപ്പ ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ താരത്തിന്റെ പേര് ഉൾപ്പെടുത്താൻ മറന്നു പോയി എന്നതാണ് അതിന്റെ പിന്നിലെ വിചിത്രമായ കാരണം.

എന്നാൽ കഴിഞ്ഞ സീസണിൽ യൂറോപ്പിൽ കളിക്കാതിരുന്ന എല്ലാ കുറവും ഈ സീസണിൽ തീർക്കുകയാണ് ഐവറി കോസ്റ്റ് താരം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും അയാക്‌സ് വിജയം നേടിയപ്പോൾ ടീമിന്റെ ടോപ് സ്കോററായ സെബാസ്റ്റ്യൻ ഹാളർ പത്തു ഗോളുകളാണ് ടീമിനു വേണ്ടി നേടിയിരിക്കുന്നത്. സ്പോർട്ടിങ് സിപിക്കെതിരെ നടന്ന മത്സരത്തിൽ നേടിയ നാല് ഗോളും ഇതിലുൾപ്പെടുന്നു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയാണ് സെബാസ്റ്റ്യൻ ഹാളർ പത്തു ഗോളുകൾ കണ്ടെത്തിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പത്തോ അതിലധികമോ ഗോളുകൾ നേടുന്ന ചുരുക്കം ചില താരങ്ങളുടെ പട്ടികയിലേക്ക് ഹാളറും എത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, റോബർട്ട് ലെവൻഡോസ്‌കി, റൂഡ് വാൻ നിസ്റ്റൽറൂയി എന്നിവർ മാത്രമാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള റൊണാൾഡോ 2015/16 സീസണിൽ പതിനൊന്നു ഗോളുകളാണ് നേടിയത്. ലയണൽ മെസി 2016/17 സീസണിൽ പത്തു ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയപ്പോൾ 2019/20 സീസണിലാണ് ലെവൻഡോസ്‌കിയുടെ പത്തു ഗോൾ നേട്ടമുണ്ടായത്. ഈ റെക്കോർഡ് ആദ്യം സ്വന്തമാക്കിയ നിസ്റ്റൽറൂയി 2002/03 സീസണിലാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ പത്തു ഗോൾ കുറിക്കുന്നത്.

ഇതിനൊപ്പം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ആറു മത്സരത്തിലും ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടവും ഹാളർ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2017/18 സീസണിൽ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടിയ റൊണാൾഡോയാണ് ഈ നേട്ടം കുറിക്കുന്ന ആദ്യ താരം. അതേസമയം ഹാളർ ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത് എന്നതിനാൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ ആറു മത്സരങ്ങളിലും ഗോൾ കണ്ടെത്തുന്ന ഒരേയൊരു താരമെന്ന റെക്കോർഡും ഐവറി കോസ്റ്റ് താരത്തിന്റെ പേരിലായിട്ടുണ്ട്.

സെബാസ്റ്റ്യൻ ഹാളറിന്റെ ഗോൾവേട്ടക്കൊപ്പം തന്നെ അയാക്‌സ് ഈ സീസണിൽ നടത്തുന്ന പ്രകടനവും പ്രത്യേകം പരാമർശം അർഹിക്കുന്നതാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരവും വിജയിച്ച അവർ ഇരുപതു ഗോളുകളാണ് അടിച്ചു കൂട്ടിയത്. 2018/19 സീസണിൽ സെമി വരെയെത്തി ഏവരെയും അത്ഭുതപ്പെടുത്തിയ അവർ സമാനമായ കുതിപ്പ് ഈ സീസണിലും കാണിച്ചേക്കാം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit