കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രീ സീസൺ പരിശീലനം ഇത്തവണത്തേതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മക്ടോമിനായ്


എറിക് ടെൻ ഹാഗിനു കീഴിലെ പ്രീ സീസൺ പരിശീലനം കരിയറിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട്ട് മക്ടോമിനായ്. തന്റെ പദ്ധതികൾ താരങ്ങൾക്ക് കൃത്യമായി മനസിലാക്കി നൽകാൻ എറിക് ടെൻ ഹാഗിന് കഴിയുന്നുണ്ടെന്നും അദ്ദേഹത്തിന് മത്സരത്തെക്കുറിച്ച് വ്യക്തമായ സമീപനമുണ്ടെന്നും സ്കോട്ടിഷ് താരം പറയുന്നു.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തി ലീഗിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടുതൽ മികച്ചതാക്കി മാറ്റുകയെന്ന ഉത്തരവാദിത്വത്തോടെയാണ് എറിക് ടെൻ ഹാഗ് ക്ലബിന്റെ പുതിയ പരിശീലകനായി എത്തിയത്. പ്രീ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടി ആരാധകർക്ക് പ്രതീക്ഷ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
"ഞങ്ങൾക്ക് ചില കഠിനമായ പ്രീ സീസണുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതൊരു കൂട്ടിച്ചേർക്കലാണ്. കാലുകൾ മൈലുകൾ പിന്നിടുകയും നമ്മൾ ചെയ്യേണ്ട ജോലിയിലേക്ക് ആളുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു." കഴിഞ്ഞ ദിവസം നടന്ന പ്രീ സീസൺ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് മക്ടോമിനായ് പറഞ്ഞു.
"ഒരുപാട് വ്യത്യസ്തമായ ആശയങ്ങളും മാറ്റങ്ങളുമുണ്ട്. നമ്മൾ എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മത്സരങ്ങളെ എങ്ങിനെ സമീപിക്കണമെന്നും അദ്ദേഹം മീറ്റിങ്ങുകളിൽ വ്യക്തമാക്കി തരുന്നു. ഞങ്ങൾ ആ സന്ദേശം കാര്യമാക്കി എടുക്കേണ്ടത് വളരെ പ്രധാനമാണ്." താരം വ്യക്തമാക്കി.
പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം മെൽബൺ സിറ്റിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയവും സ്വന്തമാക്കി. ഇനി ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല, അത്ലറ്റികോ മാഡ്രിഡ്, റയോ വയ്യക്കാനോ എന്നിവർക്കെതിരെയാണ് യുണൈറ്റഡിന് പ്രീ സീസൺ മത്സരങ്ങൾ ബാക്കിയുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.