പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ശുഭാപ്തിവിശ്വാസമർപ്പിച്ച് മക്ടൊമിനായ്


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇത്തവണത്തെ പ്രീസീസൺ മികച്ചതായിരിക്കുമെന്ന് അഭിപ്രായപെട്ട് മധ്യനിരതാരം സ്കോട് മക്ടോമിനി. ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകളെക്കുറിച്ചും താരം ശുഭാപ്തി വിശ്വാസം പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ മോശം പ്രകടനത്തിനു ശേഷം പുതിയ പരിശീലകനായി എറിക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചിട്ടുണ്ട്. ടെൻ ഹാഗിന് കീഴിലുള്ള ആദ്യ സൈനിങ്ങും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഫെയ്നൂർദ് പ്രതിരോധതാരം ടൈറൽ മലാസിയയെ സ്വന്തമാക്കിയ യുണൈറ്റഡിന്റെ സ്ക്വാഡിൽ നിന്നും പുതിയ സീസണെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.
മക്ടോമിനിയാണ് പുതിയ സീസണിലേക്കുള്ള യുണൈറ്റഡ് സ്ക്വാഡിലെ ആ മാറ്റത്തേക്കുറിച്ച് ആദ്യമായി മനസ് തുറന്നത്.
"ഇപ്പോൾ ശുഭാപ്തിവിശ്വാസം പുലർത്തേണ്ട സമയമാണ്. വരാൻ പോകുന്ന കാര്യങ്ങൾക്കായി ഞങ്ങൾ ശരിക്കും ഉറ്റുനോക്കുന്നു, കാരണം പരിശീലകർ അവരുടെ ആശയങ്ങൾ എല്ലാ കളിക്കാർക്കും എല്ലാ സ്റ്റാഫുകൾക്കും മുന്നിൽ അവതരിപ്പിച്ചത് വളരെ പ്രതീക്ഷ നൽകുന്നതാണ്," മക്ടോമിനി യുണൈറ്റഡ് ഡെയ്ലിയോട് പറഞ്ഞു.
പുതിയ സീസണിലേക്കുള്ള തന്റെ വ്യക്തിഗത തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിനും താരം മറുപടി നൽകി: "സത്യം പറഞ്ഞാൽ, ഓഫ്-സീസണിൽ അധികം (തയ്യാറെടുപ്പുകൾ) ഇല്ല. ഒരുപക്ഷേ അഞ്ചോ ആറോ പരിശീലന സെഷനുകൾ മാത്രം. പക്ഷേ ഞങ്ങൾക്ക് രണ്ടര ആഴ്ചത്തെ അവധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ നിങ്ങൾക്ക് ഞങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല.
"നിങ്ങൾക്ക് വേണ്ടത്ര വിശ്രമമുണ്ടെന്ന് ഉറപ്പുവരുത്തുകയും ശരിയായി സുഖം പ്രാപിക്കാൻ കാലുകളിൽ മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. എന്നാൽ നിങ്ങളുടെ ശരീരം ശക്തമാക്കാനുള്ള അവസരമുണ്ട്.
"എനിക്ക് മുൻപുള്ളതിനേക്കാൾ സുഖം തോന്നുന്നുണ്ട്, എനിക്ക് ഉന്മേഷം തോന്നുന്നുണ്ട്, ഞാൻ ആരോഗ്യവാനായും അനുഭവപ്പെടുന്നു. വരാനിരിക്കുന്ന മത്സരങ്ങളുടെയും പരിശീലനത്തിന്റെയും കാര്യത്തിൽ ഒരു നല്ല ആഴ്ചയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.
"തീർച്ചയായും എല്ലാ കളിക്കാരും പുതിയ കോച്ചിനായി അവരുടെ ജോലികൾ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന തിരക്കിലാണെന്ന് ഞാൻ കരുതുന്നു," മക്ടോമിനി പറഞ്ഞു.
വരുന്ന ചൊവ്വാഴ്ച ബാങ്കോക്കിൽ നടക്കാനിരിക്കുന്ന ലിവർപൂളുമായുള്ള പ്രീ-സീസൺ ഫ്രണ്ട്ലിയോടെ 2022-23 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണ് നിലവിൽ യുണൈറ്റഡ്. അതിനു ശേഷം ഓസ്ട്രേലിയയിൽ വെച്ച് മെൽബൺ വിക്ടറി, ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല എന്നിവരെയും യുണൈറ്റഡ് നേരിടും.