പരിശീലിപ്പിച്ചതിൽ ഏറ്റവും കഴിവുള്ള താരം റൊണാൾഡോയാകില്ല, ആത്മാർപ്പണമാണ് താരത്തെ മികച്ചതാക്കുന്നതെന്ന് സ്‌കൊളാരി
By Sreejith N

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നു കാണുന്ന നിലയിലെത്തിയത് കഴിവു കൊണ്ടു മാത്രമല്ലെന്നും മറിച്ച് താരത്തിനു സ്വന്തമായുള്ള ആത്മാർപ്പണ മനോഭാവം കൊണ്ടാണെന്നും അഭിപ്രായപ്പെട്ട് മുൻ പോർച്ചുഗൽ പരിശീലകനായ ലൂയിസ് ഫിലിപ്പെ സ്‌കൊളാരി. റൊണാൾഡോ താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും കഴിവുള്ള താരമല്ലെന്നും ബ്രസീലിയൻ പരിശീലകൻ പറഞ്ഞു.
കരിയറിൽ എണ്ണൂറിലധികം ഗോളുകൾ നേടിയിട്ടുള്ള, അഞ്ചു ബാലൺ ഡി ഓർ സ്വന്തം പേരിലുള്ള റൊണാൾഡോ തന്റെ മുപ്പത്തിയേഴാം വയസിലും മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ റൊണാൾഡോ സ്കോളാരിക്കു കീഴിൽ പോർച്ചുഗീസ് ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്.
"റൊണാൾഡോ അവരിൽ ഏറ്റവും ആത്മാർപ്പണമുള്ള കളിക്കാരനാണ്." പരിശീലിപ്പിച്ചതിൽ ഏറ്റവും പ്രതിഭയുള്ള താരം റൊണാൾഡോയാണോ എന്ന ചോദ്യത്തിന് ലൂയിസ് ഫിലിപ്പെ സ്‌കൊളാരി സ്‌പോർട്മെയിലിനു നൽകിയ മറുപടി ഇങ്ങിനെയായിരുന്നു.
"ഏറ്റവും കഴിവുള്ള താരം റൊണാൾഡോ ആയിരിക്കില്ല. റൊണാൾഡോയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം വരുന്ന ഗുണം പ്രതിഭയല്ല. മറിച്ച് ആത്മാർപ്പണമാണ് ഇന്നു കാണുന്ന നിലയിലേക്ക് റൊണാൾഡോയെ എത്തിച്ചത്. അതാണ് റൊണാൾഡോയെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന പ്രധാന കാര്യം," സ്‌കൊളാരി വ്യക്തമാക്കി. താരത്തെ ബ്രസീലിയൻ പരിശീലകൻ പ്രശംസിക്കുകയും ചെയ്‌തു.
"റൊണാൾഡോ ഒരു ഗോൾ മെഷീനാണ്. വളരെ മികച്ചൊരു മനുഷ്യൻ. 2003ൽ ഞാൻ സ്പോർട്ടിങ്ങിൽ താരത്തെ കാണുന്നത് അഭിനിവേശവും കരുത്തും നിറഞ്ഞ രൂപത്തിലാണ്. ഇപ്പോൾ അതിനേക്കാൾ അഭിനിവേശം താരത്തിനുണ്ട്. മൈതാനത്തു പുറത്ത് അവൻ എത്ര നല്ല വ്യക്തിയാണെന്ന് നമ്മൾ നമ്മൾ പലപ്പോഴും കാണില്ല. വളരെ അർപ്പണബോധമുള്ള റൊണാൾഡോ ഒരു അത്ലറ്റായി സ്വയം തയ്യാറെടുക്കുകയായിരുന്നു," സ്‌കൊളാരി പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.