ആരാധകരെ ഉപയോഗിച്ച് റഫറിയെ സ്വാധീനിക്കാൻ ശ്രമിച്ച അർടെട്ട അപമാനമാണെന്ന് പോൾ സ്കോൾസ്


ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ ആരാധകരെ ഉപയോഗിച്ച് റഫറിയെ സ്വാധീനിക്കാൻ ശ്രമിച്ച മൈക്കൽ അർടെട്ട ഒരു അപമാനമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസതാരമായ പോൾ സ്കോൾസ്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണൽ നേടിയ രണ്ടാമത്തെ ഗോളിനായി പെനാൽറ്റി ലഭിക്കാനാണ് സ്പാനിഷ് പരിശീലകൻ ആരാധകരെ ഉപയോഗിച്ചുവെന്ന് സ്കോൾസ് പറയുന്നത്.
മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ എൻഖെറ്റിയാ ആഴ്സനലിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും വീഡിയോ റഫറി അതു ഓഫ്സൈഡ് വിധിച്ചു. എന്നാൽ അതിനു തൊട്ടു മുൻപ് ബോക്സിൽ അലക്സ് ടെല്ലസ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കുകയും ചെയ്തു. ഈ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സാക്ക ടീമിന്റെ ലീഡുയർത്തിയത്. റൊണാൾഡോ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ഷാക്ക നേടിയ ഗോളിൽ ഗണ്ണേഴ്സ് വിജയമുറപ്പിക്കുകയായിരുന്നു.
"I think Mikel Arteta is a disgrace there. He shouldn’t be allowed to do that." #AFC https://t.co/srttUutIy6
— talkSPORT (@talkSPORT) April 24, 2022
"സത്യസന്ധമായി പറഞ്ഞാൽ ഞാനാ ഫൗളിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. അത് വ്യക്തവും പ്രകടവുമായ ഒരു ഫൗളാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. വീഡിയോ അസിസ്റ്റൻറ് റഫറിയിലേക്ക് അതെത്തിക്കുന്ന ഒരേയൊരു കാരണവും അതു തന്നെയാണ്." മത്സരത്തിനു ശേഷം പ്രീമിയർ ലീഗ് പ്രൊഡക്ഷന്സിനോട് സംസാരിക്കേ പോൾ സ്കോൾസ് പറഞ്ഞു.
"അത് ഒന്നിച്ചുള്ള വരവായിരുന്നു. അർടെട്ട അവിടെയൊരു അപമാനമായിരുന്നു എന്നാണു ഞാൻ കരുതുന്നത്. അദ്ദേഹം അതു ചെയ്യാൻ അനുവദിക്കാൻ കഴിയില്ല. നിങ്ങളത് വീണ്ടും കണ്ടാൽ റഫറിയെ ചെറിയ തോതിൽ സ്വാധീനിക്കാൻ അദ്ദേഹം കാണികളെ ഉപയോഗിച്ചു, അവരുടെ എല്ലാ കളിക്കാരും അങ്ങിനെ തന്നെയായിരുന്നു. പക്ഷെ, അത് അനുവദിക്കാൻ പാടില്ല. പക്ഷെ ടെല്ലസിൽ നിന്നുമുണ്ടായത് വിചിത്രമായ കാര്യമായിരുന്നു." സ്കോൾസ് പറഞ്ഞു.
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ ആഴ്സണൽ അഞ്ചു മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. അതേസമയം ഒരു മത്സരം കൂടുതൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തേക്കു വീഴുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യതകൾ അവസാനിക്കുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.