Football in Malayalam

"മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പരിശീലകനെയല്ല, സ്പോർട്ടിങ് ഡയറക്ടറെയാണ് വാങ്ങിയത്"- രൂക്ഷ വിമർശനവുമായി പോൾ സ്‌കോൾസ്

Sreejith N
Burnley v Manchester United - Premier League
Burnley v Manchester United - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

സൗതാംപ്ടനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയതിൽ രൂക്ഷമായ പ്രതികരണവുമായി ക്ലബിന്റെ ഇതിഹാസതാരമായ പോൾ സ്‌കോൾസ്. മത്സരത്തിൽ ജാഡൻ സാഞ്ചോ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും ചെ ആഡംസ് രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് സൗത്താംപ്ടൺ സമനില നേടിയെടുത്തത്.

സ്വന്തം മൈതാനത്തു നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതോടെ തുടർച്ചയായ രണ്ടാമത്തെ ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടുന്നത്. ഇതിനു പുറമെ അവസാനം നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടാനും അവർക്കു കഴിഞ്ഞിട്ടില്ല. മത്സരത്തിനു ശേഷം പരിശീലകൻ എന്ന നിലയിൽ റാൾഫ് റാങ്നിക്കിന്റെ പരിചയക്കുറവിനെയാണ് സ്‌കോൾസ് ചൂണ്ടിക്കാണിച്ചത്.

"വളരെ മോശം ഏഴു ദിവസങ്ങളാണിത്. അതിനേക്കാൾ മോശമായ ആറോ ഏഴോ മാസങ്ങളുമാണിത്.ഈ സീസൺ ഒട്ടും മികച്ചതല്ല. ഒലെയെ പുറത്താക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നാൽ എന്താണ് ടീമിന്റെ പദ്ധതി? ടീമിനൊരു പദ്ധതി ഉണ്ടായിരുന്നു എങ്കിൽ അവർ വളരെ മികച്ച, ഉയർന്ന തലത്തിലുള്ള ഒരു പരിശീലകനെ എത്തിക്കുമായിരുന്നു."

"ഇതു മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌, അവർക്ക് എല്ലാ കാര്യങ്ങളിലും മികച്ചതാണ്. അവർ സാങ്കേതികമായി സ്പോർട്ടിങ് ഡയറക്ടറായ ഒരാളെ ടീമിലെത്തിക്കാനുള്ള പദ്ധതിയല്ല ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അദ്ദേഹം ഒരു ടീമിനെ രണ്ടു വർഷം മാത്രമാണ് പരിശീലിപ്പിച്ചിരിക്കുന്നത് എന്നാണു ഞാൻ കരുതുന്നത്."

"എന്നെ തെറ്റിദ്ധരിക്കരുത്. എനിക്കദ്ദേഹത്തെ ഇഷ്‌ടമാണ്‌, ടീമിലേക്ക് വന്ന രീതിയും നല്ലതായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ വർഷമായി അദ്ദേഹത്തിനു കോച്ചിങ്ങിൽ പരിചയസമ്പത്തില്ലാത്ത പോലെയാണ് പെരുമാറുന്നത്." ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സ്‌കോൾസ് പറഞ്ഞു.

സൗത്താംപ്റ്റനുമായി സമനില വഴങ്ങിയതോടെ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും നാൽപതു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതേ പോയിന്റുമായി വെസ്റ്റ് ഹാം നാലാം സ്ഥാനത്തു നിൽക്കുമ്പോൾ കുറവ് മത്സരങ്ങൾ കളിച്ച് ആറും ഏഴും സ്ഥാനങ്ങളിൽ നിൽക്കുന്ന ആഴ്‌സണലിനും ടോട്ടനത്തിനും ഇവരെ മറികടന്ന് ടോപ് ഫോറിൽ എത്താനുള്ള അവസരമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit