Football in Malayalam

അവിശ്വസനീയ ഗോളുമായി ചെക്ക് റിപ്പബ്ലിക്ക് താരം, യൂറോ കപ്പിലെ റെക്കോർഡ്

Sreejith N
Scotland v Czech Republic - UEFA Euro 2020: Group D
Scotland v Czech Republic - UEFA Euro 2020: Group D / Petr Josek - Pool/Getty Images
facebooktwitterreddit

ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി ഈ യൂറോ കപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും മികച്ച ഗോൾ ഇന്നു സ്കോട്ലൻഡും ചെക്ക് റിപ്പബ്ലിക്കും തമ്മിൽ നടന്ന മത്സരത്തിൽ പിറന്നു. ചെക്ക് റിപ്പബ്ലിക്ക് താരമായ പാട്രിക്ക് ഷിക്കാണ് ടീമിന വിജയമുറപ്പിച്ച, 1980നു ശേഷം യൂറോയിലെ ഏറ്റവും നീളമേറിയതുമായ ഗോൾ നേടിയത്.

ഇരുടീമുകളും മികച്ച പോരാട്ടവീര്യം കാഴ്‌ച വെച്ച മത്സരത്തിൽ ആദ്യപകുതിയിൽ ഷിക്ക് തന്നെ നേടിയ ഗോളിൽ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയുടെ അൻപത്തിരണ്ടാം മിനുട്ടിലാണ് ചെക്ക് റിപ്പബ്ലിക്കിന്റെ വിജയമുറപ്പിച്ച അത്ഭുത ഗോൾ പിറന്നത്. സ്കോട്ലൻഡിന്റെ മുന്നേറ്റം മുറിച്ചെടുത്ത പന്ത് മധ്യവരക്കടുത്തു നിന്നും ലഭിച്ച ഷിക്ക് ഗോൾകീപ്പറുടെ പൊസിഷനിലെ പിഴവ് മുതലെടുത്ത് അത് ലോങ്ങ് റേഞ്ചറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ആർത്തിരമ്പുന്ന കാണികളെ ഒരു നിമിഷത്തേക്കെങ്കിലും അവിശ്വസനീയത കൊണ്ട് നിശബ്ദമാക്കാൻ കഴിഞ്ഞ ഗോളാണ് ഷിക്കിന്റേതെന്ന് നിസംശയം പറയാം. 1980നു ശേഷം യൂറോയിൽ പിറന്ന ഏറ്റവും നീളം കൂടിയ ഗോളെന്ന റെക്കോർഡ് സ്വന്തമാക്കിയ ലോങ്ങ് റേഞ്ചർ 45.4 മീറ്റർ ദൂരെ നിന്നുമാണ് ഷിക്ക് തൊടുത്തത്.

ഷിക്കിന്റെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ യൂറോ കപ്പിൽ വിജയത്തോടെ തുടങ്ങാൻ ചെക്ക് റിപ്പബ്ലിക്കിനു കഴിഞ്ഞു. സ്കോട്ലൻഡും മികച്ച അവസരങ്ങൾ ഒരുക്കിയെടുത്തെങ്കിലും ചെക്ക് റിപ്പബ്ലിക്ക് ഗോൾകീപ്പർ കാഴ്‌ച വെച്ച തകർപ്പൻ പ്രകടനം അവരുടെ ആക്രമണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

facebooktwitterreddit