ലോകകപ്പ് മറ്റൊന്നാണ്, ഫൈനലിസിമ വിജയത്തിൽ മതിമറക്കരുതെന്ന നിർദ്ദേശവുമായി ലയണൽ സ്കലോണി


2022 ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ തോൽപ്പിച്ച് അർജന്റീന കിരീടം സ്വന്തമാക്കിയതിൽ മതിമറക്കരുതെന്നും വരാനിരിക്കുന്ന ലോകകപ്പ് മറ്റൊന്നാണെന്നും മുന്നറിയിപ്പു നൽകി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഇറ്റലിക്കെതിരെ വലിയ വിജയമാണ് നേടിയതെങ്കിലും അവർ മികച്ച ടീമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച സ്കലോണി അർജന്റീന ടീമിന്റെ ത്യാഗത്തെയും ടീം സ്പിരിറ്റിനെയും പ്രശംസിക്കുകയും ചെയ്തു.
"മത്സരഫലങ്ങൾക്ക് ഉപരിയായി ത്യാഗവും പോരാട്ടവും ടീം സ്പിരിറ്റും ഇവർ കാഴ്ച വെക്കുന്നതിനെ മതിക്കാതിരിക്കാൻ കഴിയില്ല. കൃത്യമായ പ്രവർത്തനങ്ങളാണ് ഞങ്ങൾ തേടുന്ന മറ്റൊരു കാര്യം. ഒരു ഘട്ടത്തിൽബുദ്ധിമുട്ടനുഭവിക്കേണ്ടി വരുമ്പോൾ അതനുഭവിക്കുക, എന്നാൽ ഞങ്ങളെന്താണ് തേടുന്നതെന്ന് ഞങ്ങൾക്കറിയാം." ടൈക് സ്പോർട്സിനോട് സ്കലോണി പറഞ്ഞു.
"ആദ്യപകുതിയിൽ ഇറ്റലി ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു, അവർ മഹത്തായ ടീമാണ്. എന്നാൽ ഫുട്ബോളിൽ ഇങ്ങിനെയൊക്കെ സംഭവിക്കാം. വിജയം നേടുന്നതിന്റെ ആത്മവിശ്വാസം ഞങ്ങളെ പല കാര്യങ്ങളിൽ നിന്നും അയച്ചു വിടുന്നുണ്ട്. എന്നാൽ ചില സമയത്ത് ഈ ടീം തടസങ്ങൾ നേരിടുമ്പോൾ അവിടെയാണ് ഞങ്ങൾ കരുത്തരാകേണ്ടത്, അതാണെനിക്ക് ആശങ്കയുള്ള കാര്യവും."
"ഈ ഗ്രൂപ്പ് ഇങ്ങിനെ തന്നെ തുടരണം, എല്ലാ സമയത്തും ഒരുമിച്ച് ചേരുമ്പോൾ ഒരേ രീതിയിലാണ് ഞങ്ങളുണ്ടാവുക. ലോകകപ്പ് മറ്റൊന്നാണ്. എല്ലാം ചെയ്തുവെന്ന് നിങ്ങൾ കരുതുന്നു എങ്കിൽ അത് തെറ്റാണ്. ലോകകപ്പ് ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്, അതിന്റെ സമ്മർദ്ദവും വ്യത്യസ്തമാണ്. ഞങ്ങളതിനെ അതുപോലെ തന്നെ നേരിടേണ്ടതുണ്ട്." സ്കലോണി വ്യക്തമാക്കി.
ഇന്നലത്തെ മത്സരത്തിൽ അർജന്റീന നടത്തിയ പ്രകടനം ആരാധകരുടെയും പ്രതീക്ഷകൾ ഉയർത്തുന്നതാണ്. ഇറ്റലി ആദ്യപകുതിയിൽ മാത്രം ഒന്നുണർന്നു കളിച്ചപ്പോൾ രണ്ടാം പകുതി അർജന്റീനക്ക് മാത്രം സ്വന്തമായിരുന്നു. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തിരുന്നെങ്കിൽ ചുരുങ്ങിയത് അഞ്ചു ഗോളിന്റെ വിജയം അർജന്റീന നേടിയേനെ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.