ഭാവിയിൽ സ്‌പാനിഷ് ക്ലബിന്റെ പരിശീലകനാവാൻ താൽപര്യമുണ്ടെന്ന് ലയണൽ സ്‌കലോണി
By Sreejith N

തകർച്ചയിൽ കിടന്നിരുന്ന അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്ന പരിശീലകനാണ് ലയണൽ സ്‌കലോണി. അദ്ദേഹം സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന സെമിയിൽ പുറത്തായെങ്കിലും അതിനു ശേഷമിന്നു വരെ തോൽവിയറിയാതെ കുതിക്കുന്ന ടീം കോപ്പ അമേരിക്ക, ഫിനാലിസിമ കിരീടങ്ങളും സ്വന്തമാക്കി.
ലോകകപ്പിനായി അർജന്റീന ടീമിനെ ഒരുക്കുന്ന സ്‌കലോണി കഴിഞ്ഞ ദിവസം തനിക്ക് ഭാവിയിൽ പരിശീലകനായി ചേക്കേറാൻ താൽപര്യമുള്ള ക്ലബ്ബിനെ വെളിപ്പെടുത്തുകയുണ്ടായി. താരം മുൻപ് കളിച്ചിട്ടുള്ള സ്‌പാനിഷ് ക്ലബ് ഡിപോർറ്റീവോ ലാ കൊരുണയുടെ ചുമതലയാണ് ഭാവിയിൽ ഏറ്റെടുക്കാൻ താല്പര്യമെന്നാണ് അദ്ദേഹം പറയുന്നത്. ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ഞായറാഴ്‌ച മത്സരത്തിനിറങ്ങുന്ന ടീമിനെ പിന്തുണക്കാനുള്ള ആഗ്രഹവും അദ്ദേഹം വെളിപ്പെടുത്തി.
"എനിക്കവിടെ പോകണം. വീക്കെൻഡിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പക്ഷെ ചെറിയ അവസരമെങ്കിലും ഉണ്ടെങ്കിൽ ടീമിനെ പിന്തുണക്കാൻ ഞാനവിടെ എത്തിയിരിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ ഞാൻ വീട്ടിലിരുന്നു കാണും, അവരുടെ വിജയത്തിനു വേണ്ടി." ഡീപോർട്ടസ് കോപ്പ ഗലീസിയയോട് സംസാരിക്കുമ്പോൾ ലയണൽ സ്‌കലോണി പറഞ്ഞു.
"ഞാനെന്റെ ഹൃദയത്തിൽ ചേർത്തു വെച്ച നഗരമാണത്. ഭാവിയിൽ അവിടെയെത്താൻ എനിക്ക് ആഗ്രഹവുമുണ്ട്. അങ്ങിനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അവർ എനിക്കു നൽകിയ സ്നേഹമെല്ലാം ഞാൻ ബെഞ്ചിലിരുന്ന് അവർക്കായി തിരിച്ചു നൽകാൻ ആഗ്രഹിക്കുന്നു." സ്‌കലോണി വ്യക്തമാക്കി. ഞായറാഴ്‌ച ഡീപോർറ്റീവോ ലാ കോരുണ വിജയം നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
1998 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ഡീപോർറ്റീവോ ലാ കൊരുണക്കു വേണ്ടി ഇരുനൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലയണൽ സ്‌കലോണി. 1999-2000 സീസണിൽ അവർക്കായി ലാ ലിഗ കിരീടം നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതേസമയം ലീഗിലേക്ക് തിരിച്ചെത്താൻ അൽബസെറ്റ ബലോമ്പിയെ നേരിടാൻ ഒരുങ്ങുകയാണ് ഡീപോർറ്റീവോ ലാ കൊരുണ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.