Football in Malayalam

മെസി അവസാന രണ്ടു മത്സരങ്ങൾ കളിച്ചത് പരിക്കുമായി, വെളിപ്പെടുത്തലുമായി സ്‌കലോണി

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീന ആരാധകരുടെ നിരവധി വർഷങ്ങളുടെ കാത്തിരിപ്പാണ് അവസാനിപ്പിച്ചത്. അതിനൊപ്പം ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഒരു കിരീടം നേടുകയെന്ന ടീമിന്റെ നായകനായ മെസിയുടെ സ്വപ്‌നവും കിരീടനേട്ടത്തോടെ സഫലമാവുകയുണ്ടായി.

ടൂർണമെന്റിൽ നാല് ഗോളും അഞ്ച് അസിസ്റ്റും നാല് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പ്രകടനവുമായി അർജന്റീനയെ നയിച്ചെങ്കിലും ഫൈനലിൽ മെസിയുടെ പ്രകടനം ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരുന്നു. തന്നെ വളഞ്ഞിട്ടു പിടിച്ച ബ്രസീൽ പ്രതിരോധ നിരക്കെതിരെ ഫോം കണ്ടെത്താൻ പരാജയപ്പെട്ട താരം മത്സരത്തിന്റെ അവസാന നിമിഷം വിജയമുറപ്പിക്കാൻ ലഭിച്ച ഒരവസരം പാഴാക്കുകയും ചെയ്‌തു.

എന്നാൽ ഫൈനലിൽ മെസി പതറിയതിന്റെ കാരണം വ്യക്തമാക്കി അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി രംഗത്തെത്തി. അവസാന രണ്ടു മത്സരങ്ങളിൽ, അതായത് കൊളംബിയക്കെതിരായ സെമി ഫൈനലിലും ബ്രസീലിനെതിരായ ഫൈനലിലും വളരെ ഗുരുതരമായി കണക്കാക്കപ്പെടുന്ന ഹാംസ്ട്രിങ് ഇഞ്ചുറിയുമായാണ് മെസി കളിച്ചതെന്നാണ് സ്‌കലോണി പറഞ്ഞത്.

കൊളംബിയക്കെതിരെ മെസി മികച്ച പ്രകടനം നടത്തി ഒരു അസിസ്റ്റും നിരവധി ഗോൾ അവസരങ്ങളും സൃഷ്ടിച്ചെങ്കിലും ബ്രസീലിനെതിരെ അതാവർത്തിക്കാൻ താരത്തിനായില്ല. എന്നാൽ പരിക്കു മൂലം കളിച്ചിട്ടും രണ്ടു കീ പാസുകൾ നൽകിയ താരം നാല് ഡ്രിബ്ലിങ്ങും മത്സരത്തിൽ പൂർത്തിയാക്കുകയുണ്ടായി.

കലാശപ്പോരാട്ടത്തിൽ മെസിയെ കരക്കിരുത്തിയാൽ അത് അർജന്റീനയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നതു കൊണ്ടായിരിക്കണം പരിക്കേറ്റിട്ടും താരത്തെ സ്‌കലോണി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. ഫുൾ ഫിറ്റ്നസ് ഇല്ലെങ്കിൽ പോലും തനിക്ക് മത്സരത്തിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ച താരം അവസാനം വരെ കളിക്കളത്തിൽ തുടർന്ന് ടീമിനു ധൈര്യം പകരുകയും ചെയ്‌തു.

facebooktwitterreddit