"ഞങ്ങൾക്ക് മെസിയെ ടീമിലുൾപ്പെടുത്താനുള്ള അവകാശമുണ്ട്"- പിഎസ്ജിക്കു മറുപടി നൽകി സ്കലോണി


ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ പരിക്കു പൂർണമായും ഭേദമാകാത്ത ലയണൽ മെസിയെ ഉൾപ്പെടുത്തിയതിനെതിരെ പിഎസ്ജി നേതൃത്വം ഉയർത്തിയ വിമർശനങ്ങൾക്കു മറുപടി നൽകി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഈ വിഷയത്തിൽ പിഎസ്ജിക്കുള്ള പ്രശ്നങ്ങൾ മനസിലാക്കുന്നു എന്നു പറഞ്ഞ അദ്ദേഹം മെസിയെ ടീമിലേക്ക് വിളിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും വ്യക്തമാക്കി.
പരിക്കു മൂലം രണ്ടു പിഎസ്ജിക്കു വേണ്ടി രണ്ടു മത്സരങ്ങൾ നഷ്ടമായ മെസി അതിൽ നിന്നും തിരിച്ചു വരാൻ ശ്രമിച്ചു കൊണ്ടിരിക്കെയാണ് അർജന്റീന ടീമിൽ സ്കലോണി താരത്തെ ഉൾപ്പെടുത്തിയത്. മെസി പരിക്കിൽ നിന്നും മുക്തനാവുന്ന തീയതി ഇന്റർനാഷണൽ ബ്രേക്കിന്റെ ഇടയിലാണെങ്കിലും പ്രസ്തുത തീരുമാനത്തിൽ പിഎസ്ജി ഡയറക്ടർ ലിയനാർഡോ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
The war of words continues...https://t.co/B49RwwbbBS
— MARCA in English (@MARCAinENGLISH) November 12, 2021
"ലിയനാർഡോയുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ഫിഫ വിൻഡോയിലും കോപ്പ അമേരിക്കയിലും സംഭവിച്ചതു നോക്കുമ്പോൾ അതു പൂർണമായും മനസിലാക്കാൻ കഴിയുന്നതാണ്. മെസി ദേശീയ ടീമിനൊപ്പം വളരെ സമയം ഉണ്ടായിരുന്നു."
"എന്നാൽ താരത്തെ ഉൾപ്പെടുത്താനുള്ള ഞങ്ങളുടെ അവകാശത്തെ സംശയിക്കാൻ കഴിയില്ല, മെസി ലഭ്യമാണെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്യും. യൂറോപ്യൻ ക്ലബുകൾക്ക് ചരിത്രപരമായുള്ള പ്രശ്നം തന്നെയാണിത്." സ്കലോണി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ഫിഫയുടെ കലണ്ടറാണ് ഈ സങ്കീർണതകൾ സൃഷ്ടിക്കുന്നതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ അങ്ങിനെ തന്നെ പരിഹരിക്കണമെന്നും ദേശീയ ടീമിന് അതു പരിഹരിക്കാൻ കഴിയില്ലെന്നും പറഞ്ഞ ലയണൽ സ്കലോണി ലിയനാർഡോയുടെ അഭിപ്രായം നല്ലതോ ചീത്തയോ ആയി കാണുന്നില്ലെന്നും സംഭവിച്ച കാര്യങ്ങൾ പറയുക മാത്രമാണ് താൻ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.