Lionel Messi

"മെസിയെ വിവരിക്കാൻ വാക്കുകളില്ല"- അർജന്റീന നായകൻറെ പ്രകടനത്തെ പ്രശംസിച്ച് ലയണൽ സ്‌കലോണി

Sreejith N
Lionel Scaloni On Messi's Performance Against Estonia
Lionel Scaloni On Messi's Performance Against Estonia / Juan Manuel Serrano Arce/GettyImages
facebooktwitterreddit

എസ്റ്റോണിയക്കെതിരെ ഇന്നലെ നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ മെസി നടത്തിയ അത്ഭുതപ്രകടനത്തെ പ്രശംസ കൊണ്ടു മൂടി പരിശീലകൻ ലയണൽ സ്‌കലോണി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ അഞ്ചു ഗോളുകളും നേടിയത് മെസിയായിരുന്നു.

ഇറ്റലിക്കെതിരെ ഇറങ്ങിയ അർജന്റീന ടീമിൽ നിന്നും മെസിയും റോഡ്രിഗോ ഡി പോളും മാത്രമാണ് എസ്റ്റോണിയക്കെതിരായ ആദ്യ ഇലവനിൽ ഉൾപ്പെട്ടത്. എട്ടാം മിനുട്ടിൽ തന്നെ പെനാൽറ്റിയിലൂടെ അർജന്റീനയെ മുന്നിലെത്തിച്ച മെസി പിന്നീട് 45, 47, 71, 76 മിനുട്ടുകളിലാണ് മറ്റു നാല് ഗോളുകൾ നേടിയത്.

"എനിക്കെന്താണ് കൂടുതൽ പറയേണ്ടത് എന്നറിയില്ല. ഇതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്കവനെ വിവരിക്കാൻ വാക്കുകളില്ല, പ്രത്യേകിച്ചും താരം നൽകുന്ന കാര്യങ്ങളിൽ. ഇതു വളരെ വിശിഷ്‌ടമായതാണ്, താരം ഈ കൂട്ടത്തിനൊപ്പം ഉള്ളതിലും, പരിശീലിപ്പിക്കുന്നതിലും വളരെ സന്തോഷമുണ്ട്. താരത്തിന്റെ സ്വഭാവവും ഈ ജേഴ്‌സിയെ പ്രതിനിധീകരിക്കുന്നതും അങ്ങിനെ തന്നെ."

"ഞങ്ങൾക്ക് നന്ദി വാക്കുകൾ മാത്രമേയുള്ളൂ. അർജന്റീനയുടെ മാത്രം പൈതൃകസ്വത്താണു മെസിയെന്ന് ഞാൻ കരുതുന്നില്ല, താരം ലോകത്തിന്റെ കൂടിയാണ്. താരം കളിയവസാനിപ്പിക്കുന്ന ദിവസം ഞങ്ങൾക്കവനെ മിസ് ചെയ്യും. അതുകൊണ്ടു തന്നെ മെസി കളി തുടർന്ന് എല്ലാവരെയും സന്തോഷിപ്പിക്കുമെന്നും സ്വയം സംരക്ഷിക്കുമെന്നും ഞാൻ കരുതുന്നു, കാരണം താരത്തെ കാണുന്നതു തന്നെ സന്തോഷമാണ്." സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു.

എസ്റ്റോണിയ പ്രതിരോധത്തിലൂന്നി കളിച്ചതിനാൽ അർജന്റീനക്ക് ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നും എന്നാൽ രണ്ടാം പകുതിയിൽ പൊസിഷനിൽ വരുത്തിയ മാറ്റങ്ങൾ അതിനു മാറ്റം വരുത്തിയെന്നും സ്‌കലോണി പറഞ്ഞു. വിജയത്തോടെ അർജന്റീനയുടെ അപരാജിത കുതിപ്പ് 33 മത്സരങ്ങളാണ് വർധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit