ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം സെർജിയോ അഗ്യൂറോയുമുണ്ടാകുമെന്ന് പരിശീലകൻ ലയണൽ സ്‌കലോണി
By Sreejith N

ഈ വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം സെർജിയോ അഗ്യൂറോയും ഉണ്ടാകുമെന്ന് പരിശീലകൻ സ്‌കലോണി. അർജന്റീനയെ പ്രതിനിധീകരിക്കാൻ എല്ലാം കൊണ്ടും യോഗ്യതയുള്ള താരമാണ് അഗ്യൂറോയെന്നും താരത്തിന്റെ ചുമതല എന്താണെന്ന കാര്യത്തിൽ കൃത്യമായി വ്യക്തത വരുത്തേണ്ടതുണ്ടെന്നും സ്‌കലോണി പറഞ്ഞു.
അർജന്റീനക്കൊപ്പം കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അഗ്യൂറോക്ക് ഈ സീസണിനിടയിൽ ഹൃദയസംബന്ധമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്നിരുന്നു. ലോകകപ്പ് അടുത്തെത്തിയ സമയത്ത് ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ നിരാശ പേറുന്ന അഗ്യൂറോക്ക് സ്‌കലോണിയുടെ വെളിപ്പെടുത്തൽ ആശ്വാസം നൽകുന്നതാണ്.
"സെർജിയോ ഇവിടെ എല്ലാവർക്കും സ്വീകാര്യനാണ്. താരത്തിന് എന്തു ചുമതലയാണ് ഏറ്റെടുക്കാൻ കഴിയുകയെന്ന കാര്യം ഞങ്ങൾ അറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ താരം അവിടെ വരാൻ പോകുന്നു എന്നത് യാതൊരു ഗുണവും അഗ്യൂറോക്ക് ചെയ്യില്ല. ഞാൻ താരവുമായി ഇക്കാര്യം ചർച്ച ചെയ്‌ത് എന്റെ ഉദ്ദേശങ്ങൾ വ്യക്തമാക്കിയിരുന്നു."
"അഗ്യൂറോ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. താരം ലോകകപ്പിന് ഞങ്ങളോടൊപ്പം വരുമെന്നും ഞാൻ കരുതുന്നു. ദേശീയ തലത്തിലും ക്ലബ് തലത്തിലും താരം അംഗീകാരം അർഹിക്കുന്നു. എവിടെ പോയാലും അർജന്റീനിയൻ ഫുട്ബോളിന്റെ പ്രതിച്ഛായയും താരം നൽകും. വ്യക്തമായ ചുമതലയോടു കൂടിയുള്ള താരത്തിന്റെ വരവ് സ്വാഗതാർഹമാണ്." സ്‌കലോണി വ്യക്തമാക്കി.
ടീമിലെ താരങ്ങളോടൊപ്പം ചേർന്ന് അവരുടെ പ്രശ്‌നങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും മനസിലാക്കുകയെന്ന ചുമതല ഏറ്റെടുക്കാനും അത് അനായാസമായി നടപ്പിലാക്കാനും താരത്തിന് കഴിയുമെന്ന് സ്‌കലോണി പറഞ്ഞു. അർജന്റീന ഫുട്ബോളിനെ പ്രതിനിധീകരിക്കാൻ ഇതിനേക്കാൾ മികച്ചൊരാളില്ലെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.