"ലൗടാരോയുടെ അഭാവത്തിൽ മെസിയെ വച്ചു കളി മെനഞ്ഞു"- അർജന്റീനയുടെ വിജയത്തിൽ പ്രതികരിച്ച് സ്കലോണി


അർജന്റീന ടീമിലെ പ്രധാന സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിന്റെ അഭാവത്തിൽ ലയണൽ മെസിയെ നമ്പർ 9 ആയി കളിപ്പിക്കുകയെന്ന പദ്ധതിയാണ് അർജന്റീന വെനസ്വലയോടുള്ള മത്സരത്തിൽ നടപ്പിലാക്കിയതെന്ന് പരിശീലകൻ ലയണൽ സ്കലോണി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിനു ശേഷം സംസാരിക്കവേയാണ് ടീമിന്റെ ആക്രമണനിരയെക്കുറിച്ച് സ്കലോണി പറഞ്ഞത്.
"മത്സരം മികച്ചതായിരുന്നു. തത്വത്തിൽ മെസിയെ നമ്പർ 9 ആയി കളിപ്പിച്ച് നിക്കോളാസ് ഗോൺസാലസിനെയും ജൊവാക്വിൻ കൊറേയയെയും വിങ്ങുകളിൽ കളിപ്പിക്കുക എന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. പിന്നീട് മത്സരത്തിന്റെ ഒഴുക്കിൽ മാറ്റങ്ങൾ വന്ന സമയത്ത് ഞങ്ങൾ ജൊവാക്വിൻ കൊറേയയെ ആക്രമണനിരയുടെ മധ്യഭാഗത്തേക്കു മാറ്റി."
Argentina national team coach Lionel Scaloni comments on striker situation. https://t.co/JDZCsBTGlh
— Roy Nemer (@RoyNemer) March 26, 2022
"ആക്രമനിരയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. അലക്സിസ് മാക് അലിസ്റ്ററും ടീമിനോട് ഇണങ്ങിച്ചേർന്നു. ജൊവാക്വിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. താരം ഒരു ഗോൾ നേടണമെന്ന് ഞാൻ ആഗ്രഹിച്ചു, അത് ജൊവാക്വിൻ അർഹിച്ചിരുന്നു." സ്കലോണി പറഞ്ഞു.
എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയത്തിലും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നും സ്കലോണി പറഞ്ഞു. വിജയം നേടുമ്പോൾ നന്നായി മുന്നോട്ടു പോകുന്ന എല്ലാം തോൽവി നേരിട്ടാൽ അതിനേക്കാൾ മോശമായി വരുമെന്നാണ് അദ്ദേഹം പറയുന്നത്. പാസിംഗ് ഗെയിമിൽ ടീമിനു മെച്ചപ്പെടാൻ കഴിയുമെന്നും ആ പ്രതീക്ഷ തനിക്കുണ്ടെന്നും സ്കലോണി വ്യക്തമാക്കി.
മത്സരത്തിൽ നിക്കോളാസ് ഗോൺസാലസ്, ഏഞ്ചൽ ഡി മരിയ, ലയണൽ മെസി എന്നിവർ നേടിയ ഗോളുകളിലാണ് അർജന്റീന മികച്ച വിജയം നേടിയത്. വിജയത്തോടെ അർജന്റീനയുടെ അപരാജിത കുതിപ്പ് മുപ്പതു മത്സരങ്ങളായി തുടരുകയാണ്. ഇനി ഇക്വഡോറിനെതിരെ നടക്കുന്ന മത്സരം കഴിഞ്ഞാൽ ജൂണിലാണ് അർജന്റീനയുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.