ലയണൽ മെസിയില്ലാതെ അർജന്റീന ടീം പ്രഖ്യാപിച്ചു, സീരി എയിലെ ഗോൾവേട്ടക്കാരനും ടീമിലില്ല

TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG / EDILZON GAMEZ/GettyImages
facebooktwitterreddit

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചപ്പോൾ ടീമിന്റെ നായകനായ ലയണൽ മെസി പുറത്ത്. അർജന്റീന ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചു കഴിഞ്ഞതിനാൽ മെസിക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് താരത്തെ ചിലി, കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ മെസിയെ ഉൾപ്പെടുത്താതിരുന്നത്.

മെസിക്കു പുറമെ ബ്രസീലിനെതിരെ നടന്ന അവസാന ലോകകപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റു പുറത്തു പോയതിനു ശേഷം ഇതുവരെയും കളിക്കളത്തിലേക്ക് മടങ്ങിയെത്താത്ത ടോട്ടനം ഹോസ്‌പറിന്റെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോയും ടീമിന്റെ ഭാഗമല്ല. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കു വേണ്ടി കളിക്കുന്ന എമിലിയാനോ ബുവേണ്ടിയ, ബ്രൈറ്റൻ താരം അലക്സിസ് മാക് അലിസ്റ്റർ എന്നിവർ ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.

മികച്ച പ്രകടനം നടത്തുമ്പോഴും ലയണൽ സ്‌കലോണി ടീമിലേക്ക് പരിഗണിക്കാതിരുന്ന താരങ്ങളിൽ പ്രധാനി അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയുടെ മകനായ ജിയോവാനി സിമിയോണിയാണ്. ഹെല്ലാസ് വെറോണക്ക് വേണ്ടി കളിക്കുന്ന താരം നിലവിൽ ഇറ്റാലിയൻ ലീഗിലെ മൂന്നാമത്തെ ടോപ് സ്കോററാണ്. ഇതിനു പുറമെ വെസ്റ്റ് ഹാമിന്റെ മാനുവൽ ലാൻസിനി, ഫെയനൂർദിന്റെ മാർകോ സെനേസി എന്നിവർക്കും സ്‌കലോണി ഇടം നൽകിയിട്ടില്ല.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡ്:

ഗോൾകീപ്പർമാർ:

ഫ്രാങ്കോ അർമാനി (റിവർപ്ലേറ്റ്), എസ്തബാൻ ആൻഡ്രാഡ (മോൺട്രറി), എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസോ (അറ്റലാന്റ)

പ്രതിരോധതാരങ്ങൾ:

നാഹ്വൽ മോളിന (യുഡിനെസ്), ഗോൺസാലോ മോണ്ടിയാൽ (സെവിയ്യ), ലൂക്കാസ് മാർട്ടിനസ് ക്വാർട്ട (ഫിയോറെന്റീന), ജർമ്മൻ പെസല്ല (റയൽ ബെറ്റിസ്‌), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനസ് (അയാക്‌സ്), നിക്കോളാസ് ടാഗ്ലിയാഫികോ (അയാക്‌സ്), മാർക്കോസ് അക്യൂന (സെവിയ്യ)

മധ്യനിര താരങ്ങൾ:

നിക്കോളാസ് ഗോൺസാലസ് (ഫിയോറെന്റീന), ലൂക്കാസ് ഒകാമ്പോസ് (സെവിയ്യ), ലിയാൻഡ്രോ പരഡെസ് (പിഎസ്‌ജി), ഗുയ്‌ഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്‌), റോഡ്രിഗോ ഡി പോൾ (അത്ലറ്റികോ മാഡ്രിഡ്), ജിയോവാനി ലോ സെൽസോ (ടോട്ടനം), അലെസാൻഡ്രോ ഗോമസ് (സെവിയ്യ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൻ), എമിലിയാനോ ബുവേണ്ടിയ (ആസ്റ്റൺ വില്ല)

മുന്നേറ്റനിര താരങ്ങൾ:

ഏഞ്ചൽ ഡി മരിയ (പിഎസ്‌ജി), ഏഞ്ചൽ കൊറേയ (അത്ലറ്റികോ മാഡ്രിഡ്), ജൂലിയൻ അൽവാരസ് (റിവർപ്ലേറ്റ്), ലൗടാരോ മാർട്ടിനസ് (ഇന്റർ മിലാൻ), ജൊവാക്വിൻ കൊറേയ (ഇന്റർ മിലാൻ), പൗളോ ഡിബാല (യുവന്റസ്)

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.