Football in Malayalam

മെസി ക്ഷീണിതനാണെങ്കിലും താരത്തെ ആശ്രയിക്കാതിരിക്കൽ അസാധ്യമെന്ന് അർജന്റീന പരിശീലകൻ സ്‌കലോണി

Sreejith N
Argentina Training Session
Argentina Training Session / Gustavo Pagano/Getty Images
facebooktwitterreddit

മെസി ക്ഷീണിതനാണെങ്കിലും താരത്തെ അർജന്റീന ടീം വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും അതൊഴിവാക്കുക സാധ്യമല്ലെന്നും പരിശീലകൻ ലയണൽ സ്‌കലോണി. കോപ്പ അമേരിക്കയിൽ പാരഗ്വായ്‌ക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സ്‌കലോണി ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിൽ വിജയം നേടിയതോടെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടു ജയവുമായി അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരുന്നു.

കോപ്പ അമേരിക്കയിലെ മൂന്നു മത്സരങ്ങളുൾപ്പെടെ അർജന്റീനയുടെ കഴിഞ്ഞ അഞ്ചു കളികളിലും മെസി മുഴുവൻ സമയവും കളിച്ചിരുന്നു. യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ ചെറിയ രീതിയിൽ തളർച്ച പ്രകടമാക്കിയ താരത്തിനു പാരഗ്വായ്‌ക്കെതിരെ വിശ്രമം നൽകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം മുഴുവൻ സമയവും കളിച്ചാണ് കളിക്കളം വിട്ടത്. ഇതേക്കുറിച്ച് മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു സ്‌കലോണി.

"മെസി എല്ലാ മത്സരങ്ങളിലും കളിക്കുന്നുണ്ടെന്നും താരത്തെ ആശ്രയിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നതും യാഥാർഥ്യമാണ്. മെസിക്ക് തളർച്ചയുണ്ടെങ്കിലും താരം മത്സരങ്ങളിൽ വലിയ മാറ്റമാണ് ഇപ്പോഴും വരുത്തുന്നത്. പാരഗ്വായ്‌ക്കെതിരെ ഞങ്ങൾ മാറ്റങ്ങൾ വരുത്തിയെങ്കിലും മൂന്നു പോയിന്റും സ്വന്തമാക്കാൻ കഴിഞ്ഞു." സ്‌കലോണി പറഞ്ഞു.

താരങ്ങളുടെ കായികപരമായ ശേഷി വളരെ പ്രധാനമാണെന്നും അതിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നതെന്നും സ്‌കലോണി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പാരഗ്വായ്‌ക്കായിരുന്നു മത്സരത്തിന്റെ നിയന്ത്രണമെങ്കിലും അർജന്റീന പൊരുതി വിജയം നേടിയെന്നും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നും പരിശീലകൻ അഭിപ്രായപ്പെട്ടു.

അർജന്റീന ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചതോടെ അടുത്ത മത്സരത്തിൽ മെസിക്ക് വിശ്രമം നൽകാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെയാണെങ്കിൽ നിലവിൽ അർജന്റീനക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന മഷറാനോയുടെ റെക്കോർഡിനൊപ്പം നിൽക്കുന്ന മെസിക്ക് അത് മറികടക്കണമെങ്കിൽ ക്വാർട്ടർ ഫൈനൽ വരെ കാത്തിരിക്കേണ്ടി വരും.

facebooktwitterreddit