അർജന്റീന അപരാജിത ടീമല്ല, കിരീടത്തിനായി പൊരുതുമെന്ന് സ്‌കലോണി

Scaloni About Argentina Team And Finalissima
Scaloni About Argentina Team And Finalissima / GLYN KIRK/GettyImages
facebooktwitterreddit

ഇറ്റലിക്കെതിരായ ഫൈനലിസിമ മത്സരത്തിനായി ഒരുങ്ങുന്ന അർജന്റീന ടീം അപരാജിതരാണെന്ന ധാരണയില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. മുപ്പത്തിയൊന്നു മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന അർജന്റീനക്ക് ആ കുതിപ്പ് ഇറ്റലിക്കെതിരെയും തുടരാൻ കഴിയുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അർജന്റീന പരിശീലകൻ.

"ഞങ്ങൾ അപരാജിതരാണെന്ന് കരുത്തുന്നില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങളൊരു ടൂർണമെന്റ് വിജയിച്ച ടീമാണ്, പക്ഷെ ഈ യാത്ര ഇനിയും തുടരണം." സ്‌കലോണി മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

"ഇറ്റലി അവസാനത്തെ യൂറോ കപ്പ് വിജയിച്ചു. വളരെ ഉയർന്ന തലത്തിലുള്ള ദേശീയ ടീമായ അവർ മികച്ച പ്രകടനമാണ് കാഴ്‌ച വെക്കുന്നത്. ഞങ്ങൾ ഇതുവരെ ചെയ്‌തതു പോലെ ഇനിയും തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് മത്സരിക്കാൻ കഴിയും. നമ്മൾ എവിടെയാണെന്നറിയാൻ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കുന്നത് വളരെ പ്രധാനമാണ്."

ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോൾ പരമാവധി മികച്ച പ്രകടനം നടത്താനുള്ള ബാധ്യതയുണ്ടെന്ന് ടീമിലേക്ക് ഓരോ താരങ്ങളെയും തിരഞ്ഞെടുക്കാനുള്ള മാനദണ്ഡത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്‌കലോണി പറഞ്ഞു. കളിക്കാരുടെ പ്രകടനവും അവർ ഏതു പൊസിഷനിൽ കളിക്കുന്നുവെന്നതുമാണ് തങ്ങൾ കണക്കാക്കുന്ന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിക്കെതിരെ ഇറങ്ങുമ്പോൾ അപരാജിത കുതിപ്പു തുടരുന്നതിനൊപ്പം മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷ അർജന്റീനക്കുണ്ട്. എന്നാൽ ലോകകപ്പ് യോഗ്യത നഷ്ടമായതിന്റെ നിരാശയെ മറികടക്കാൻ ശ്രമിക്കുന്ന ഇറ്റലി വലിയ വെല്ലുവിളി അർജന്റീനക്ക് സമ്മാനിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.