Football in Malayalam

മോശം പ്രകടനം, പരിശീലകനെ പുറത്താക്കി എസ്‌സി ഈസ്റ്റ് ബംഗാള്‍

Haroon Rasheed
East Bengal have parted ways with Jose Manuel Diaz
East Bengal have parted ways with Jose Manuel Diaz / Indian Super League
facebooktwitterreddit

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എസ്‌സി ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ ജോസെ മാനുവൽ ഡയസിനെ പുറത്താക്കി. ഡയസിനെ പുറത്താക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗികമായി ക്ലബ് അറിയിച്ചു. സീസണില്‍ എട്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിജയം ഇല്ലാത്തതാണ് ഈസ്റ്റ് ബംഗാള്‍ മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കാന്‍ കാരണം.

ഐഎസ്എൽ സീസണിൽ എട്ടിൽ ഇത് വരെ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമേ ഈസ്റ്റ് ബംഗാളിന് നേടാന്‍ കഴിഞ്ഞിട്ടുള്ളു. മുന്‍ റയല്‍ മാഡ്രിഡ് യൂത്ത് ടീം പരിശീലകനായ ഡയസ് ഈ സീസണ്‍ തുടക്കത്തിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. റയല്‍ മാഡ്രിഡ് അക്കാദമി, റയല്‍ മാഡ്രിഡ് സി, റയല്‍ മാഡ്രിഡ് ബി ടീമുകളെ ഡയസ് മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

സീസണിലെ എട്ട് മത്സരങ്ങളിൽ നിന്ന് നാല് തോല്‍വിയും നാല് സമനിലയുമാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്ന ഈസ്റ്റ് ബംഗാളിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സീസൺ എട്ടിന് മുന്നോടിയായി പുതിയ പരിശീലകനെയും കൂടുതല്‍ താരങ്ങളെയും ടീമിലെത്തിച്ചത്. എന്നാല്‍ നിലവില്‍ ഈസ്റ്റ് ബംഗാള്‍ നിരയില്‍ ക്രൊയേഷ്യന്‍ താരം പെര്‍സോവിച്ച് മാത്രമാണ് അത്യാവശ്യം മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്.

ഡയസിന്റെ അഭാവത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സഹ പരിശീലകനുമായ റെനഡി സിങിനായിരിക്കും ഈസ്റ്റ് ബംഗാളിന്റെ പരിശീലക ചുമതല. പുതിയ പരിശീലകനെ എന്ന് നിയമിക്കുന്ന കാര്യം ഈസ്റ്റ് ബംഗാൾ ഇത് വരെ അറിയിച്ചിട്ടില്ല. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകനായിരുന്ന എല്‍കോ ഷറ്റോരി ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്ന് അഭ്യൂഹം പരക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit