പുതിയ പരിശീലകനെ നിയമിച്ച് എസ്‌സി ഈസ്റ്റ് ബംഗാൾ

സീസണില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന എസ്‌സി ഈസ്റ്റ് ബംഗാള്‍ പുതിയ പരിശീലകനെ നിയമിച്ചു. കഴിഞ്ഞ മാസം ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയ മാനുവല്‍ ഡയസിന് പകരക്കാരനായിട്ടാണ് പുതിയ പരിശീലകന്‍ മരിയോ റിവേറയെ ടീമിലെത്തിച്ചിട്ടുള്ളത്. റിവേറയെ ടീമിലെത്തിച്ചെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
"റിവേറയെ മുഖ്യ പരിശീലകനായി നിയമിച്ചതില്‍ സന്തോഷമുണ്ട്, ഇന്ത്യന്‍ ഫുട്‌ബോളില്‍ റിവേറക്കുള്ള അനുഭവ സമ്പത്ത് ക്ലബിന് ഗുണംചെയ്യും," ഈസ്റ്റ് ബംഗാള്‍ സി.ഇ.ഒ ശിവാദി സമര്‍ദ്ദന്‍ വ്യക്തമാക്കി. 2018-19 സീസണില്‍ ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ചായി ജോലി ചെയ്തയാളാണ് റിവേറ.
പിന്നീട് 2020ല്‍ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകന്റെ വേഷത്തിലും റിവേറ എത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് റിവേറ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലക വേഷത്തിലെത്തുന്നത്. യുവേഫാ പ്രോ ലൈസന്‍സ് ഹോള്‍ഡറായ റിവേറക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്. ഐ ലീഗില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്ന ഈസ്റ്റ് ബംഗാളിനെ ചെറിയ സമയത്തിനുള്ളില്‍ സീസണിലെ രണ്ടാം സ്ഥാനക്കാരാക്കി മാറ്റാന്‍ റിവേറക്ക് കഴിഞ്ഞിരുന്നു.
ഐ.എസ്.എല്ലില്‍ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് ഇപ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. നാല് മത്സരങ്ങളിൽ തോറ്റപ്പോള്‍ നാലെണ്ണം സമനിലയിലും അവസാനിച്ചു. സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും ഈസ്റ്റ് ബംഗാളിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ പരിശീലകന്റെ വരവോടെ കാര്യങ്ങൾ മാറിമറിയുമെന്നാണ് കൊല്‍ക്കത്തന്‍ വമ്പന്‍മാരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.