മുൻ അർജന്റീന താരം ഹാവിയർ സാവിയോള ബാഴ്സലോണയുടെ ലാ മാസിയ അക്കാദമി പരിശീലകനാവുന്നു


അർജന്റീനയുടെ മുൻ താരമായ ഹാവിയർ സാവിയോള ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെ പരിശീലകനായി എത്തിയേക്കും. മുൻ ബാഴ്സലോണ താരം കൂടിയായ സാവിയോള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമികളിൽ ഒന്നായ ലാ മാസിയയിൽ സെർജി ബാർയുവാന് പകരക്കാരനായി എത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കയാണെന്ന് റെലെവോ റിപ്പോർട്ടു ചെയ്യുന്നു.
നിലവിൽ അൻഡോറയിലെ എഫ്സി ഓർഡിനോയുടെ അസിസ്റ്റന്റ് കോച്ചായ ഹാവിയർ സാവിയോളക്ക് ബാഴ്സലോണയുടെ ഫസ്റ്റ് ടീം പരിശീലകനായ സാവിയുമായി അടുത്ത ബന്ധമാണുള്ളത്. രണ്ടു പേരും മുൻപ് ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ്. സാവിയോളയെ സംബന്ധിച്ച് താൻ ആറു വർഷത്തോളം കളിച്ച ടീമിലേക്ക് തിരിച്ചു വരാനുള്ള അവസരം കൂടിയാണിത്.
Javier Saviola could return to Barça with La Masia coaching role https://t.co/xw10j99XXA
— SPORT English (@Sport_EN) June 29, 2022
2001 മുതൽ 2007 വരെയാണ് ഹാവിയർ സാവിയോള ബാഴ്സലോണ ടീമിനൊപ്പം ഉണ്ടായിരുന്നത്. ഇതിനിടയിൽ രണ്ടു തവണ ലോണിൽ ക്ലബ് വിട്ട താരം മൊണാക്കോ, സെവിയ്യ എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ബാഴ്സലോണക്കു വേണ്ടി 172 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുള്ള സാവിയോള 72 ഗോളുകളും 31 അസിസ്റ്റുകളും ടീമിനായി നേടി.
ബാഴ്സലോണയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ അദ്ദേഹം രണ്ടു സീസൺ ലോസ് ബ്ലാങ്കോസിനു വേണ്ടിയും കളിച്ചു. അതിനു ശേഷം ബെൻഫിക്ക, മലാഗ, ഒളിമ്പിയാക്കോസ്, ഹെല്ലസ് വെറോണ എന്നീ ടീമുകൾക്കു വേണ്ടിയും യൂറോപ്പിൽ കളിച്ച സാവിയോള റിവർപ്ലേറ്റിലാണ് വിരമിക്കുന്നത്. 2016 മുതൽ എഫ്സി ഓർഡിനോ സഹപരിശീലകനായി സാവിയോളയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.