ചെൽസിയെ വാങ്ങാൻ മൂന്നര ബില്യൺ വാഗ്‌ദാനം ചെയ്‌ത്‌ സൗദി മീഡിയ ഗ്രൂപ്പ്

Saudi Media Group To Buy Chelsea
Saudi Media Group To Buy Chelsea / Craig Mercer/MB Media/GettyImages
facebooktwitterreddit

ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വാങ്ങാൻ മൂന്നര ബില്യൺ ഡോളർ (2.7 ബില്യൺ പൗണ്ട്) വാഗ്‌ദാനം ചെയ്‌ത്‌ ദി സൗദി മീഡിയ ഗ്രൂപ്പ്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനോടുള്ള പ്രതിഷേധം എന്ന നിലയിൽ റഷ്യൻ പൗരന്മാർക്കെതിരെ ബ്രിട്ടൻ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് റോമൻ അബ്രമോവിച്ച് ചെൽസിയെ വിൽപ്പനക്കു വെച്ചത്.

അബ്രമോവിച്ചിനെതിരെ നടപടി സ്വീകരിച്ച ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചിരിക്കയാണ്. ഈ നടപടികൾ ക്ലബിനെയും ബാധിക്കുന്ന ഒന്നാണെങ്കിലും ചെൽസിയെ വിൽക്കാൻ അതു ബാധകമാകില്ല. വിൽപ്പന നടന്നാൽ നിലവിൽ ചെൽസി നേരിടുന്ന പ്രതിസന്ധികൾ തീരുകയും ചെയ്യും.

സൗദി മീഡിയ ഗ്രൂപ്പിന്റെ ഉടമയായ മൊഹമ്മദ് അൽഖറെജി ചെൽസിയുടെ ആരാധകനാണ്. ഇദ്ദേഹത്തിന്റെ കീഴിലുള്ള സ്വകാര്യ കൺസോർഷ്യം ചെൽസിയെ വാങ്ങാനുള്ള ബിഡ് സമർപ്പിച്ചിട്ടുണ്ട്. മറ്റു ചില പങ്കാളികളും ഇദ്ദേഹത്തിനൊപ്പം ഉണ്ടെന്ന് സിബിഎസ് സ്പോർട്സിന്റെ ബെൻ ജേക്കബ്‌സ് റിപ്പോർട്ടു ചെയ്യുന്നു.

ചെൽസിയെ വാങ്ങുന്നതിനു പുറമെ അവരുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്‌ജിന്റെ നവീകരണപ്രവർത്തനങ്ങളും അവർ മുന്നോട്ടു വെക്കുന്ന പദ്ധതിയാണ്. ഇതിനു പുറമെ ചെൽസി അക്കാദമി, വിമൻസ് ടീം എന്നിവയിലും അവർ നിക്ഷേപം നടത്തും.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസി അബ്രമോവിച്ചിനെതിരെ നടപടി ഉണ്ടായതിനെ തുടർന്ന് ഓരോ ദിവസത്തെയും പദ്ധതികളുമായി മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ക്ലബിൻറെ വിൽപ്പന നടന്നാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു പരിഹാരമുണ്ടാകാൻ സാധ്യതയുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.