Football in Malayalam

ന്യൂകാസിലിനെ സ്വന്തമാക്കിയ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെയും വാങ്ങാനൊരുങ്ങുന്നു

Sreejith N
The 40th Gulf Cooperation Council (GCC) annual summit in Riyadh
The 40th Gulf Cooperation Council (GCC) annual summit in Riyadh / Anadolu Agency/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കിയ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെയും സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ. കോവിഡ് മഹാമാരിയെ തുടർന്ന് ക്ലബ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയും കനത്ത നഷ്‌ടവും മൂലം നിലവിലെ ഉടമകളായ സുനിങ് ഗ്രൂപ്പ് ഇന്റർ മിലാനെ വിൽക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനു വേണ്ടി പിഐഎഫുമായി ചർച്ചകൾ നടത്തിയെന്നും ഇറ്റാലിയൻ മാധ്യമം ലിബറോ വെളിപ്പെടുത്തി.

കോവിഡ് മഹാമാരി വളരെ ബാധിച്ച യൂറോപ്യൻ ക്ലബുകളിൽ ഒന്നായ ഇന്റർ മിലാൻ 2020-21 സാമ്പത്തിക വർഷത്തിൽ 245.6 മില്യൺ യൂറോയുടെ നഷ്‌ടമാണ് നേരിട്ടത്. ഇതേത്തുടർന്ന് പതിനൊന്നു വർഷത്തിനു ശേഷം ക്ലബിന് ആദ്യത്തെ സീരി എ കിരീടം സ്വന്തമാക്കി നൽകിയ അന്റോണിയോ കൊണ്ടേ ഇന്റർ വിട്ടിരുന്നു. ഇതിനു പുറമെ ലുക്കാക്കു, അഷ്‌റഫ് ഹക്കിമി എന്നിങ്ങനെ ടീമിലെ പ്രധാന താരങ്ങളെ ഇക്കഴിഞ്ഞ സമ്മറിൽ ഇന്റർ വിൽക്കുകയും ചെയ്‌തു.

ലിബറോയുടെ റിപ്പോർട്ട് പ്രകാരം ഇന്റർ മിലാനും സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ സുനിങ് ഗ്രൂപ്പും പിഐഎഫും തമ്മിൽ ഇന്റർ മിലാനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇന്റർ മിലാനെ ഏറ്റെടുക്കാൻ ഒരു ബില്യൺ യൂറോയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുടക്കാൻ തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട ഇറ്റാലിയൻ ജേർണലിസ്റ്റായ ഫെഡറികോ സ്ട്രൂമോളോ ഇന്റർ മിലാനെ ഏറ്റെടുക്കാനുള്ള ഡീൽ വളരെയധികം മുന്നോട്ടു പോയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു ലഭിച്ച വിവരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

facebooktwitterreddit