ഇറ്റലിക്കൊപ്പം ചേർന്ന് 2030 ലോകകപ്പിന്റെ ആതിഥേയത്വത്തിനായി ബിഡ് ചെയ്യാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നു

യൂറോപ്യൻ രാജ്യമായ ഇറ്റലിക്കൊപ്പം ചേർന്നു കൊണ്ട് 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഗൾഫ് രാജ്യമായ സൗദി അറേബ്യക്ക് താല്പര്യമെന്ന് സൂചന. ഇതിനായി മുന്നോട്ടു വന്നിട്ടുള്ള അവർ ഇറ്റലിയുമായി ചേർന്ന് സംയുക്ത ആതിഥേയത്വത്തിനായി ബിഡ് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ രണ്ട് രാജ്യങ്ങൾ ചേർന്നു കൊണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രീതിയെ ഫിഫ എതിർത്തിരുന്നു. എന്നാൽ നിലവിൽ ഫിഫയുടെ ഭരണ സമിതി ഇത്തരമൊരു ആശയത്തിന്റെ പിന്തുണക്കാരാണ്. ഇത് ഇറ്റലിക്കൊപ്പം ചേർന്ന് ലോകകപ്പിന്റെ സംയുക്ത ആതിഥേയരാവാനുള്ള സൗദി അറേബ്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നുണ്ട്.
ഇറ്റലിക്കൊപ്പം ലോകകപ്പിന്റെ സംയുക്ത ആതിഥേയരാവാൻ താൽപ്പര്യപ്പെടുന്ന സൗദി അറേബ്യ, ഇതിനായി ഫിഫക്ക് സമർപ്പിക്കുന്നതിനുള്ള ബിഡ് തയ്യാറാക്കാൻ അമേരിക്കൻ കൺസൾട്ടൻസി കമ്പനിയായ ബോസ്റ്റൺ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനുമായി മികച്ച ബന്ധമുള്ള സൗദി അറേബ്യ ഇതിനോടകം രണ്ട് ഇറ്റാലിയൻ സൂപ്പർ കോപ്പ ഫൈനലുകൾക്ക് ആതിഥേയത്വം വഹിച്ചു കഴിഞ്ഞു. 2021/22 സീസണിലും അവർ തന്നെയാണ് ഈ ടൂർണമെന്റിന്റെ ആതിഥേയരാകുന്നത്. അതേ സമയം ലോകകപ്പിന്റെ ആതിഥേയ അവകാശം ലഭിച്ചാൽ ഇറ്റലിയിലെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ സാമ്പത്തിക സഹായങ്ങൾ നൽകുമെന്ന് സൂചനകളുണ്ട്. അത് കൊണ്ടു തന്നെ സൗദി അറേബ്യക്കൊപ്പം ചേർന്ന് ലോകകപ്പിന് ആതിഥേയരാവുന്നത് ഇറ്റലിക്ക് ഗുണം ചെയ്യുമെന്ന് നിസംശയം പറയാം.
As ties between Italy and Saudi Arabia continue to warm, the two nations are reportedly considering a joint bid for the 2030 FIFA World Cup
— Middle East Eye (@MiddleEastEye) July 17, 2021
Read more here: ?https://t.co/N0R3kuSU3k
യൂറോപ്പിൽ വലിയ ഫുട്ബോൾ ചരിത്രം അവകാശപ്പെടാനുള്ള ഇറ്റലി, 2028 ലെ യൂറോ കപ്പിന്റേയും, 2030 ലെ ഫിഫ ലോകകപ്പിന്റേയും ആതിഥേയത്വ അവകാശത്തിനായി ശ്രമിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ഗബ്രിയേല ഗ്രാവിനയും ഇത് സംബന്ധിച്ച സൂചനകൾ പുറത്തു വിട്ടു.
എന്നാൽ ഇതിന് പുറകേ സൗദി അറേബ്യയുമായി ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കാൻ തങ്ങൾ താല്പര്യപ്പെടുന്നില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞതായി പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഫുട്ബോൾ പ്രേമികളെ മുഴുവൻ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.