സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന്റെ ഗതി മാറ്റിയത് ബിനോ ജോര്‍ജിന്റെ നിര്‍ണായക തീരുമാനം

എല്ലാ പോരാട്ടങ്ങളിലും മത്സരത്തിന്റെ ഗതിമാറ്റുന്ന നിര്‍ണായക തീരുമാനമുണ്ടാകും. അത്തരത്തിലൊരു തീരുമാനം കേരള-കര്‍ണാടക മത്സരത്തിലും കണ്ടു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ സൂചികുത്താനിടമില്ലാത്തവിധം തിങ്ങിനിറഞ്ഞ കാണികളെ നിശബ്ദമാക്കുന്നതായിരുന്നു 24ാം മിനുട്ടിലെ കര്‍ണാടകയുടെ ആദ്യ ഗോള്‍. പെട്ടെന്ന് സ്റ്റേഡിയത്തിലെ ആരവം നിലച്ചു. ആഹ്ളാദം ആര്‍ത്തനാദങ്ങളായി.
ഗോള്‍ വീണതോടെ പരിശീലകന് ബിനോ എടുത്ത തീരുമാനമാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. 27ാം മിനുട്ടില്‍ മുന്നേറ്റനിരയിലെ വിഘ്നേഷിനെ പിന്‍വലിച്ച് ടികെ ജെസിനെ കളത്തിലിറക്കുന്നു. വേഗതക്കുറവുള്ള വിഘ്നേഷ് പോയി വേഗക്കാരനായ ജെസിന് എത്തി. കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ജെസിന്റെ പ്രകടനം. കളത്തിലിറങ്ങി ഏഴാംമിനുട്ടില് തന്നെ ആദ്യഗോള്‍.
34ാം മിനുട്ടില്‍ ആദ്യ ഗോള്‍, 41ാം മിനുട്ടില്‍ രണ്ടാം ഗോള്‍, 44ാം മിനുട്ടില്‍ മൂന്നാം ഗോള്‍, ഒപ്പം കന്നി ഹാട്രിക്ക് പൂര്‍ത്തിയാക്കലും. കേരളത്തിന്റെ സ്കോര്‍ 3-1 എന്ന നിലയിലെത്തിച്ച് ജെസിന് ഗ്യാലറിയെ നോക്കി പറഞ്ഞു, ഇതാ നമ്മള് തിരിച്ചുവന്നിരിക്കുന്നു. ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിന് മുന്നിലെത്തിയ കേരളത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടരെയുള്ള ആക്രമണങ്ങള്‍. വൈകിയില്ല 45ാം മിനുട്ടില്‍ ശിഖിലിന്റെ വക നാലാം ഗോള്‍. ആദ്യ പകുതിയില്‍ തന്നെ കര്‍ണാടകയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. ആദ്യ പകുതിയുടെ വിസില്‍ ഉയര്‍ന്നപ്പോള്‍ ബിനോ ജോര്‍ജിന്റെ മുഖത്തെ ആനന്ദക്കണ്ണീര് ചാനല്‍ വീണ്ടും വീണ്ടും കാണിച്ചുകൊണ്ടിരുന്നു.
നിര്‍ണായക നിമിഷത്തിലെ ആ തീരുമാനമത്തിനും ആ തീരുമാനം നടപ്പാക്കിയ ജെസിനുമായിരുന്നു കര്ണാടകക്കെതിരേയുള്ള സെമിയിലെ നൂറു മാര്‍ക്കും. മത്സരും പൂര്‍ത്തിയാകുമ്പോള്‍ മത്സരത്തിലെ നിര്‍ണായകമായ അഞ്ചു ഗോളും സ്വന്തമാക്കിയായിരുന്നു ജെസിന് മൈതാനം വിട്ടത്. കേരളം ഗോളില്‍ ആറാടുമ്പോള്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ കര്‍ണാടക പൊരുതിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യ ഗോളിന് ശേഷം പിന്നീട് രണ്ട് ഗോളുകളാണ് കര്‍ണാടക കേരളത്തിന്റെ വലയിലെത്തിച്ചത്. എന്നാല്‍ കേരളം അവസാനം വഴങ്ങിയ രണ്ട് ഗോളുകളും കര്‍ണാടക താരങ്ങളുടെ കഴിവില്‍ നിന്ന് പിറന്നതായിരുന്നു.