Indian Football

സന്തോഷ് ട്രോഫി: കര്‍ണാടകയെ ഗോൾമഴയില്‍ മുക്കി കേരളം ഫൈനലില്‍

Haroon Rasheed
Kerala celebrate their progression into the finals
Kerala celebrate their progression into the finals / Nitheesh
facebooktwitterreddit

കര്‍ണാടകയെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചു. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7-3 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ വിജയം. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയ കേരളം അനായാസമായിട്ടായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ പകുതിയുടെ 20 മിനുട്ടിനുള്ളില്‍ കേരളം കര്‍ണാടകയുടെ ഗോള്‍ മുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു.

ഈ സമയത്ത് നാലു കോര്‍ണറുകള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 24ാം മിനുട്ടില്‍ കര്‍ണാടക ഗോള്‍ നേടി കേരളത്തെ ഞെട്ടിച്ചു. ആദ്യ ഗോള്‍ പിറന്നതോടെ കര്‍ണാടകയുടെ വേഗം വര്‍ധിച്ചു. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്ത കേരളം പൊരുതാന്‍ തുടങ്ങി. ആദ്യ ഗോള്‍ വഴങ്ങിയതോടെ മുന്നേറ്റത്തില്‍ നിന്ന് വിഘ്‌നേഷിനെ പിന്‍വലിച്ച് ടികെ ജെസിനെ പരിശീലകന്‍ ബിനോ ജോര്‍ജ് കളത്തിലിറക്കി.

പിന്നീട് ജെസിന്റെ ആറാട്ടായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. കേരളത്തിന് വേണ്ടി അഞ്ചു ഗോളുകളാണ് ജെസിൻ മത്സരത്തിൽ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ ജെസിന്‍ രണ്ടാം പകുതിയിലായിരുന്നു അഞ്ചു ഗോളുകള്‍ പൂര്‍ത്തിയാക്കിയത്. 35ാം മിനുട്ടിലായിരുന്നു ജെസിന്റെ ആദ്യ ഗോള്‍. സ്‌കോര്‍ 1-1. മത്സരം സമനിലയിലായതോടെ ഇരുടീമും പൊരുതക്കളിച്ചു. ഇതിനിടെ ജെസിന്‍ രണ്ടാം ഗോളും നേടി സ്‌കോര്‍ 2-1 എന്നാക്കി. 42ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍ നേടിയത്. 45ാം മിനുട്ടില്‍ മൂന്നാം ഗോളും നേടി ജെസിന്‍ ഹാട്രിക് പൂര്‍ത്തിയാക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് ശിഖില്‍ കൂടി ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ കേരളം 4-1 എന്ന സ്‌കോറിന് മുന്നിട്ട് നിന്നു.

എന്നാല്‍ രണ്ടാം പകുതിയിലും കേരളം ഗോള്‍ വേട്ട തുടര്‍ന്നു. 54ാം മിനുട്ടില്‍ കമലേഷിന്റെ ഗോളിലൂടെ കര്‍ണാടക സ്‌കോര്‍ 4-2 എന്നാക്കി മാറ്റി. എന്നാല്‍ 56ാം മിനുട്ടില്‍ ജെസിന്‍ വീണ്ടും ഗോള്‍ നേടി സ്‌കോര്‍ 5-2 എന്നാക്കി മാറ്റി. മത്സരം പുരോഗമിക്കുന്നതിനിടെ 62ാം മിനുട്ടില്‍ മധ്യനിര താരം അര്‍ജുന്‍ ജയരാജ് ആറാം ഗോള്‍ നേടി. സ്‌കോര്‍ 6-2. 71ാം മിനുട്ടില്‍ സൊലയ്മലി ഗോള്‍ നേടിയതോടെ കര്‍ണാടക സ്‌കോര്‍ 6-3 എന്നാക്കി മാറ്റി. 74ാം മിനുട്ടില്‍ ജെസിന്‍ തന്റെ അഞ്ചാം ഗോളും കേരളത്തിന്റെ ഏഴാം ഗോളും സ്വന്തമാക്കി സ്‌കോര്‍ 7-3 എന്നാക്കി മാറ്റി. കടുത്ത മത്സരം പ്രതീക്ഷിച്ച സെമിയില്‍ പത്തു ഗോളുകളാണ് പിറന്നത്. ഇരു ടീമുകളും അക്രമ ഫുട്‌ബോളായിരുന്നു പുറത്തെടുത്തത്.


facebooktwitterreddit