നെയ്‌മർ പിഎസ്‌ജി വിട്ടാൽ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് സാന്റോസ് പ്രസിഡന്റ്
By Sreejith N

ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ പിഎസ്‌ജി വിടുകയാണെങ്കിൽ സ്വന്തമാക്കാനുള്ള ശ്രമം നടത്തുമെന്ന് താരത്തിന്റെ മുൻ ക്ലബായ സാന്റോസിന്റെ പ്രസിഡന്റായ ആന്ദ്രെസ് റുയെഡ. അതിനു വേണ്ടിയുള്ള പദ്ധതികൾ ക്ലബ് ആവിഷ്‌കരിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതേക്കുറിച്ച് മാധ്യമങ്ങളോട് കൂടുതൽ പറയാനാവില്ലെന്നും കൂട്ടിച്ചേർത്തു.
എൽ പൈസിന്റെ റിപ്പോർട്ടുകൾ പ്രകാരം നെയ്‌മർക്ക് പുതിയ ക്ലബ്ബിനെ കണ്ടെത്തുന്നതിനു വേണ്ടി പിഎസ്‌ജിയും താരത്തിന്റെ അച്ഛനും തമ്മിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെയ്‌മറെ ലോണിൽ വിട്ട് താരത്തിന് നൽകുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം പിഎസ്‌ജി തന്നെ നൽകുന്ന കാര്യവും ഫ്രഞ്ച് ക്ലബ് പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് താരത്തെ തിരിച്ചു കൊണ്ടു വരാനുള്ള താൽപര്യം സാന്റോസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
"നെയ്‌മറിന്റെ കാര്യത്തിൽ ഞങ്ങളൊന്നും ചെയ്യാൻ പോകുന്നില്ല എന്നു ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നത് നിഷ്‌കളങ്കമായ കാര്യമാണ്. എന്നാൽ ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കുന്നത് മാധ്യമങ്ങളോടല്ല. അതു ചെയ്യാൻ മറ്റുള്ള വഴികളുണ്ട്."
"ഇവിടെ ഡെലിബെറേറ്റിവ് കൗൺസിലിൽ ഞങ്ങൾക്കൊരു തന്ത്രമുണ്ട്. ദൗർഭാഗ്യവശാൽ ഞങ്ങൾക്കതിനെ കുറിച്ച് കൂടുതൽ കമന്റ് ചെയ്യാൻ കഴിയില്ല. ഈ ബോർഡിനെ വെച്ച് ഞങ്ങൾക്ക് ചില ആശയങ്ങൾ അതേപ്പറ്റിയുണ്ട്." എ ട്രിബുണയോട് സംസാരിക്കെ സാന്റോസ് പ്രസിഡന്റ് അറിയിച്ചു.
നെയ്‌മർ പിഎസ്‌ജി വിടുകയാണെങ്കിൽ സ്വന്തമാക്കാൻ സാന്റോസിന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. യൂറോപ്പിൽ തന്നെ തുടരാൻ സാധ്യതയുള്ള താരത്തിനായി ഇംഗ്ലീഷ് ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്. താരം അടുത്ത സമ്മറിൽ എവിടെ കളിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.