യുവേഫ നേഷൻസ് ലീഗ്: പോർച്ചുഗലിന്റെ വിജയത്തിലും സ്പെയിനിന്റെ വെല്ലുവിളി ഓർമിപ്പിച്ച് സാന്റോസ്


യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജയം നേടിയ പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും സ്പെയിൻ ഉയർത്താൻ സാധ്യതയുള്ള വെല്ലുവിളിയോർമിപ്പിച്ച് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഗ്രൂപ്പിൽ ഒന്നാമതെത്തി കൂടുതൽ മുന്നോട്ടു പോകാൻ പോർച്ചുഗൽ ഇനിയും മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നാണ് സാന്റോസ് പറയുന്നത്.
പ്രഥമ യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ പോർച്ചുഗൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടി ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ സ്വിറ്റ്സർലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്പെയിനാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ളത്. ടൂർണമെന്റ് പകുതിയേ പിന്നിട്ടിട്ടുള്ളൂവെന്നിരിക്കെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം പോർച്ചുഗൽ ടീമിന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് സാന്റോസ് പറയുന്നത്.
"ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ ഞങ്ങളുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾക്കും വിജയം വേണം. ഇനി മൂന്നു മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. സ്പെയിനും ഇന്നു വിജയം നേടിയെങ്കിലും ഞങ്ങൾ രണ്ടു പോയിന്റിനു മുന്നിലാണ്. സ്വഭാവികമായും ഗ്രൂപ്പിൽ തുറന്ന പോരാട്ടമാണുള്ളത്. സെപ്തംബറിലെ മത്സരങ്ങളിലെ അതു തീരുമാനമാകൂ." സാന്റോസ് മാധ്യമങ്ങളോട് പറഞ്ഞു.
"ഞങ്ങൾ മികച്ചൊരു മത്സരമാണ് കളിച്ചത്, പ്രത്യേകിച്ചും ആദ്യ പകുതിയിൽ. മുൻതൂക്കം മുതലെടുക്കാനും സ്പേസുകൾ സൃഷ്ടിച്ച് പന്ത് വിതരണം ചെയ്യാനും ഞങ്ങൾ ശ്രമിച്ചിരുന്നു. സെക്കൻഡ് ഹാഫിൽ ഞങ്ങൾ കൂടുതൽ തളർന്നു. അവർ മികച്ച ടീമാണ് എന്നതിനാൽ ഞങ്ങളെ മറികടക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ വേണമായിരുന്നെങ്കിലും നേടാൻ കഴിഞ്ഞില്ല." സാന്റോസ് വ്യക്തമാക്കി.
ജോവോ കാൻസലോ, ഗോൺസാലോ ഗുഡെസ് എന്നിവരാണ് പോർചുഗലിനു വേണ്ടി ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവയാണ് രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സിൽവ നാല് സുവർണാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.