പോർച്ചുഗൽ ഖത്തർ ലോകകപ്പിനുണ്ടാകും, ആരാധകർക്ക് ഉറപ്പു നൽകി ഫെർണാണ്ടോ സാന്റോസ്

Sreejith N
Ruben Dias, Pepe, Rui Patricio and Cristiano Ronaldo are...
Ruben Dias, Pepe, Rui Patricio and Cristiano Ronaldo are... / SOPA Images/GettyImages
facebooktwitterreddit

യോഗ്യത ഗ്രൂപ്പിൽ നടന്ന അവസാന മത്സരത്തിൽ സെർബിയയോട് തോൽവി വഴങ്ങിയതോടെ ലോകകപ്പ് യോഗ്യത നേടാൻ ഇനി പ്ലേ ഓഫ് കളിക്കണമെന്ന സാഹചര്യം വന്നെങ്കിലും പോർച്ചുഗൽ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ടൂർണ്ണമെന്റിൽ പങ്കെടുക്കും എന്നുറപ്പു നൽകി പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ സെർബിയക്കു പിന്നിൽ രണ്ടാമതു വന്നതാണ് പോർച്ചുഗലിനെ പ്ലേ ഓഫിലെത്തിച്ചത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ റെനാറ്റോ സാഞ്ചസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും ദൂസൻ ടാഡിച്ച് ആദ്യപകുതിയിൽ നേടിയ ഗോളും തൊണ്ണൂറാം മിനുട്ടിൽ മിട്രോവിച്ച് നേടിയ ഗോളുമാണ് സെർബിയക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ താരങ്ങൾക്ക് മത്സരത്തിനിറങ്ങുമ്പോൾ സംഭ്രമവും ആശങ്കയും ഉണ്ടായിരുന്നുവെങ്കിലും തോൽവിയുടെ ഉത്തരാവാദിത്വം തനിക്കു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"അതു നടക്കുമെന്നു തോന്നിയിരുന്നു, പക്ഷെ അങ്ങിനെയല്ല സംഭവിച്ചത്. ഞങ്ങൾ ഗോൾ നേടി, തുടക്കത്തിൽ ഞങ്ങൾ മികച്ചതുമായിരുന്നു. പക്ഷെ അതിനു ശേഷം ഞങ്ങൾ പുറകോട്ടു വലിഞ്ഞു കളിക്കാൻ തുടങ്ങി. ഈ താരങ്ങൾ ശ്രമിച്ചു, എന്നാൽ മത്സരത്തെ ഉണർത്താൻ ഞങ്ങൾക്കായില്ല. ഞങ്ങളത് ചെയ്‌തപ്പോൾ എതിരാളികൾക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ സമയത്തും അതിനു കഴിഞ്ഞില്ല."

"സെർബിയ മികച്ചു നിന്നിരുന്നു, ഞങ്ങൾ ശ്രമിക്കുകയും ചെയ്‌തു. പന്ത് കാലിൽ വെച്ച് കളിക്കുകയെന്നതാണ് ഞങ്ങളുടെ ഡിഎൻഎ. ബെർണാഡോ സിൽവക്ക് ബോൾ ആവശ്യമായിരുന്നു, പക്ഷെ താരം ഒറ്റക്കായിരുന്നു. ഞങ്ങൾക്ക് ഭയവും ഉത്കണ്ഠയും ഉണ്ടായിരുന്നു. അതെന്റെ ഉത്തരവാദിത്വമാണ്." സാന്റോസ് മത്സരത്തിനു ശേഷം പറഞ്ഞു.

പ്ലേ ഓഫ് സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ സാന്റോസ് ഇങ്ങിനെ മറുപടി പറഞ്ഞു. "ഞങ്ങൾ ഖത്തറിൽ ഉണ്ടാകും. ഞങ്ങളതിനു വേണ്ടി വേണ്ടതു ചെയ്‌തില്ലെന്ന് അറിയാം, പക്ഷെ ഞങ്ങൾ അവിടെ ഉണ്ടാകും. ഞങ്ങൾ ആക്രമിച്ചു കളിക്കാനും വിജയം നേടാനും വേണ്ടിയാണ് കളിച്ചത്. എന്നാൽ അതു വേണ്ടത് പോലെ സംഭവിച്ചില്ല. അതെന്റെ ഉത്തരാവാദിത്വവുമാണ്." സാന്റോസ് വ്യക്തമാക്കി.

facebooktwitterreddit