പരിക്കുകളില്ലാഞ്ഞിട്ടും റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി സാന്റോസ്


സ്വിറ്റ്സർലൻഡിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനുള്ള പോർച്ചുഗൽ ടീമിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. പരിക്കിന്റെ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് ആരാധകരിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നു.
റൊണാൾഡോക്കു പുറമെ വോൾവ്സ് തരാം മൗട്ടീന്യോ, ഡോർട്മുണ്ട് താരം റാഫേൽ ഗുറേറോ എന്നിവർക്കും ഇരുപത്തിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇടം ലഭിച്ചിരുന്നില്ല. ഈ മൂന്നു താരങ്ങൾക്കും പരിക്കുകളൊന്നുമില്ലെന്നും താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാണിതെന്നുമാണ് സാന്റോസ് പറഞ്ഞത്.
"ശാരീരികമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇത് സാധാരണമായ മാനേജ്മെന്റാണ്. ഇരുപത്തിമൂന്നു പേരെ മാത്രമേ കളിപ്പിക്കാൻ കഴിയൂ എന്നിരിക്കെ ഇരുപത്തിയാറു പേരുമായി യാത്ര ചെയ്യുന്നത് ബുദ്ധിയല്ല. അത് ഈ താരങ്ങളെ ഒഴിവാക്കാൻ കാരണമായി. അത്രയേയുള്ളൂ." സാന്റോസ് പറഞ്ഞത് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
മുപ്പത്തിയേഴു വയസുള്ള റൊണാൾഡോ ഇതുവരെ നടന്ന മൂന്നു നേഷൻസ് ലീഗ് മത്സരങ്ങളിലും പോർചുഗലിനായി കളത്തിൽ ഇറങ്ങിയിരുന്നു. സ്പെയിനിനെതിരെ പകരക്കാരനായി ഇറങ്ങിയ താരം സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക് എന്നീ ടീമുകളുമായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ചെക്കിനെതിരെ ഇരട്ടഗോളുകളും താരം നേടി.
യുവേഫ നേഷൻസ് ലീഗിലെ ഗ്രുപ്പ് 2വിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു സമനിലയും നേടിയ പോർച്ചുഗൽ തന്നെയാണ് 7 പോയിന്റുമായി ഒന്നാമത് നിൽക്കുന്നത്. അഞ്ചു പോയിന്റുള്ള സ്പെയിൻ രണ്ടാമത് നിൽക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതും സ്വിറ്റ്സർലൻഡ് നാലാമതുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.