തുർക്കിയെ മറികടക്കാൻ പോർചുഗലിനു കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ സാന്റോസ്


സമ്മർദ്ദഘട്ടങ്ങളെ മറികടന്നു പരിചയമുള്ള പോർച്ചുഗൽ ടീം തുർക്കിക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ വിജയം നേടി അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന ഉറച്ച പ്രതീക്ഷയോടെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. പോർട്ടോയിൽ വെച്ച് ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയം നേടിയില്ലെങ്കിൽ ഖത്തർ ലോകകപ്പിനു യോഗ്യത നേടാതെ പുറത്താകുമെന്ന വെല്ലുവിളിയിലാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങുന്നത്.
ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം മാർച്ച് 29നു ഇറ്റലിയും നോർത്ത് മാസഡോണിയയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയുമായി ഏറ്റുമുട്ടി അതിൽ വിജയിച്ചാലെ ലോകകപ്പിന് എത്താൻ കഴിയൂ. കഠിനമായ പരീക്ഷയാണ് പോർച്ചുഗൽ ടീമിന് മുന്നിലുള്ളതെങ്കിലും പരിശീലകൻ ആത്മവിശ്വാസത്തിലാണ്.
Portugal plays Turkey on Thursday, with the winner facing either Italy or North Macedonia in the Path C final on March 29, with one of the last three spots for European teams at the World Cup in Qatar up for grabshttps://t.co/cCKRaaWCFV
— Sportstar (@sportstarweb) March 23, 2022
"പോർച്ചുഗൽ ദേശീയ ടീമിന് എല്ലായിപ്പോഴും ഉണ്ടായിട്ടുള്ള സമ്മർദ്ദം പോസിറ്റിവാണ്. ഞങ്ങൾ കളിച്ച രണ്ടു ഫൈനലുകളിലും ടീം വിജയിച്ചു. യോഗ്യത മത്സരങ്ങളിൽ നിർണായകമായവയിൽ, സെർബിയയുമായുള്ള മത്സരം മാറ്റി നിർത്തിയാൽ, ഞങ്ങൾ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഈ കളിക്കാർക്ക് വളരെയധികം അനുഭവസമ്പത്തുള്ളതിനാൽ സമ്മർദ്ദം സ്വാധീനിക്കുകയില്ല," സാന്റോസ് പറഞ്ഞു.
"ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്വം തന്നെയാണ് ഇവിടെ ഞങ്ങളെ എത്തിച്ചത്. അതു ഞങ്ങൾ ഇതിനകം മനസിലാക്കിക്കഴിഞ്ഞു. സെർബിയയിൽ നിന്നും ഞങ്ങൾ ക്രെഡിറ്റ് എടുക്കുന്നില്ല, പക്ഷെ ചില തെറ്റുകൾ ഞങ്ങൾക്ക് സംഭവിച്ചു. ഞങ്ങൾ നന്നായി കളിച്ചില്ല, അങ്ങിനെയെങ്കിൽ ലക്ഷ്യം നേടുമായിരുന്നു."
"ഈ ടീമിന്റെ നിലവാരം ഇനി ഞങ്ങളാണ് നിശ്ചയിക്കേണ്ടത്. ഞങ്ങൾ രണ്ടു ഫൈനലുകളിലെത്തി വിജയിച്ചു, നാളെ മറ്റൊരു ഫൈനലാണ്, പോർചുഗലിലെ പതിനൊന്നു ലക്ഷം ആളുകൾക്ക് സന്തോഷം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." സാന്റോസ് വ്യക്തമാക്കി.
ഇന്ന് രാത്രി 1:15നാണ് പോർച്ചുഗലും തുർക്കിയും തമ്മിലുള്ള പ്ലേഓഫ് പോരാട്ടം. മത്സരം സോണി ലൈവിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.