Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്നത് റൊണാൾഡോയുടെ താൽപര്യമാണെന്ന് ഫെർണാണ്ടോ സാന്റോസ്

Sreejith N
Santos Comments On Ronaldo Staying With Man Utd
Santos Comments On Ronaldo Staying With Man Utd / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ അടുത്ത സീസണിലും തുടരുന്നത് റൊണാൾഡോയുടെ വ്യക്തിപരമായ താൽപര്യമാണെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ലോകത്തിലെ ഏറ്റവും മികച്ച താരമായ റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ പര്യാപ്‌തമാണ് എന്നാണു സാന്റോസ് പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കഴിഞ്ഞ സമ്മറിൽ തിരിച്ചെത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പരാജയപ്പെട്ടതോടെ അതിനുള്ള സാധ്യതകൾ വർധിച്ചെങ്കിലും ക്ലബിൽ തന്നെ തുടരാനാണ് റൊണാൾഡോയുടെ തീരുമാനം.

"ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുക എന്നത് താരത്തിന്റെ താൽപര്യമാണ്. അതിനെപ്പറ്റി ഞാനല്ല സംസാരിക്കേണ്ടത്. എനിക്കറിയാവുന്നത് വളരെ കുറച്ചു പേർക്കു മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാനുള്ള അവസരമുള്ളൂ." ബീയിൻ സ്പോർട്ട്സിനോട് സംസാരിക്കേ ഫെർണാണ്ടോ സാന്റോസ് പറഞ്ഞു.

സ്പെയിനിനെതിരെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കുറിച്ചും സാന്റോസ് പറഞ്ഞു. ഇരുപത്തിയാറ് താരങ്ങൾ ടീമിലുണ്ടാകുമ്പോൾ എല്ലാവരെയും കളിപ്പിക്കാൻ കഴിയില്ലെന്നും ഒരാൾക്കു പകരം മറ്റൊരാൾ കളിക്കുന്നത് സ്വാഭാവികമാണെന്നും സാന്റോസ് വ്യക്തമാക്കി.

സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയ പോർച്ചുഗൽ അടുത്ത മത്സരത്തിൽ സ്വിറ്റ്‌സർലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. അതിനു ശേഷം ചെക്ക് റിപ്പബ്ലിക്കിനെതിരെയും ഒരിക്കൽ കൂടി സ്വിറ്റ്സർലണ്ടിനെതിരെയും പോർച്ചുഗൽ ഈ മാസം കളിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit