സ്പെയിനിനെതിരെ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തെ ന്യായീകരിച്ച് സാന്റോസ്


സ്പെയിനിനെതിരെ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന തന്റെ തീരുമാനം ടീമിന്റെ തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ റൊണാൾഡോ അറുപതു മിനുട്ട് കഴിഞ്ഞപ്പോഴാണ് കളത്തിലിറങ്ങിയത്.
പോർച്ചുഗൽ നായകനായ റൊണാൾഡോ ടീമിന്റെ ആദ്യ ഇലവനിൽ ഉണ്ടാവാതിരിക്കുന്ന സാഹചര്യം വളരെ വിരളമാണ്. ഇന്നലെ മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഇക്കാര്യം കൊണ്ടു തന്നെ ആരാധകരുടെ നെറ്റി ചുളിഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം റൊണാൾഡോയുടെ കഴിവിനെ ചോദ്യം ചെയ്യുന്നതല്ലെന്നും മറിച്ച് ടീമിന്റെ തന്ത്രങ്ങളുടെ മാത്രം ഭാഗമാണെന്നും സാന്റോസ് വ്യക്തമാക്കി.
"ക്രിസ്റ്റ്യാനോ റൊണാൾഡോ? ആളുകൾ പലപ്പോഴും എന്നോട് ചോദിക്കും, എന്തുകൊണ്ടാണ് താരത്തെ സ്റ്റാർട്ട് ചെയ്യിക്കുന്നതെന്ന്. അതൊരു വിലയേറിയ ചോദ്യമാണ്. ഈ മത്സരത്തിൽ ഞാൻ ഉപയോഗിക്കാറുള്ള താരങ്ങളെ കളിപ്പിക്കുകയാവും നല്ലതെന്ന് കരുതിയിരുന്നു."
"അതു സാങ്കേതികവും തന്ത്രപരവുമായ ഒരു തീരുമാനം ആയിരുന്നു. ഞങ്ങൾ കളിയെ സമീപിക്കുന്ന രീതിയും എങ്ങിനെ കളിക്കണമെന്നതും പരിഗണിക്കുമ്പോൾ അതായിരുന്നു ഏറ്റവും മികച്ച പരിഹാരവും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗുണങ്ങളും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല, അതൊരു ചോദ്യവുമല്ല."
"ഞങ്ങൾ വ്യത്യസ്തമായ തരത്തിൽ ചിന്തിക്കേണ്ട അവസരങ്ങൾ മത്സരങ്ങളിൽ ഉണ്ടാകാറുണ്ട്. രണ്ടാം പകുതിയിൽ താരത്തിന് ഇറങ്ങാമെന്നും മത്സരത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ഞങ്ങൾ കരുതി." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ സാന്റോസ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡോക്ക് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. അൽവാരോ മൊറാട്ട ആദ്യപകുതിയിൽ നേടിയ ഗോളിൽ മുന്നിലെത്തിയ സ്പെയിനിനെതിരെ എൺപത്തിരണ്ടാം മിനുട്ടിൽ റിക്കാർഡോ ഹോർത്ത നേടിയ ഗോളിലാണ് പോർച്ചുഗൽ സമനില നേടിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.