യൂറോപ്യൻ സ്വപ്‌നം മതിയാക്കി സന്ദേശ് ജിങ്കൻ ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു
By Sreejith N

ക്രൊയേഷ്യൻ ടോപ് ടയർ ഫുട്ബോൾ ക്ലബായ എച്ച്എൻകെ സൈബനീക്കിന്റെ താരവും ഇന്ത്യൻ ദേശീയ ടീമിലെ ഡിഫെൻഡറുമായ സന്ദേശ് ജിങ്കൻ ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം തന്റെ മുൻ ക്ലബായ എടികെ മോഹൻ ബഗാനിലേക്കു തന്നെയാണ് സന്ദേശ് ജിങ്കൻ തിരിച്ചു വരാനൊരുങ്ങുന്നത്.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഫൈനൽ കളിച്ച എടികെ മോഹൻ ബഗാനിൽ നിന്നും സന്ദേശ് ജിങ്കൻ വിടപറഞ്ഞത് ക്ലബ്ബിന്റെയും താരത്തിന്റെയും ആരാധകർക്ക് വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. യൂറോപ്പിൽ കളിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ജിങ്കൻ ക്രൊയേഷ്യയിലേക്ക് ചേക്കേറിയതെങ്കിലും പരിക്കും കടുത്ത മത്സരവും മൂലം താരത്തിന് അവസരങ്ങൾ കുറവായിരുന്നു.
ക്രൊയേഷ്യൻ ക്ലബിലെ ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഐഎസ്എല്ലിലേക്ക് സ്റ്റാർ ഡിഫെൻഡർ തിരിച്ചെത്തുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരത്തിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച ഒന്നാണെന്നും അത് പൂർത്തിയാകാൻ ഏതാനും പേപ്പർ വർക്കുകൾ മാത്രമേ ബാക്കിയുള്ളൂവെന്നും ജനുവരിയിൽ തന്നെ ട്രാൻസ്‌ഫർ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എടികെ മോഹൻ ബഗാനിൽ തിരിയുമൊന്നിച്ച് വളരെ മികച്ചൊരു കൂട്ടുകെട്ട് ജിങ്കൻ സൃഷ്‌ടിച്ചിരുന്നു. ഇരുപത്തിരണ്ടു മത്സരങ്ങൾ കഴിഞ്ഞ സീസണിൽ താരം കളിച്ചപ്പോൾ എടികെ മോഹൻ ബാഗാൻ കഴിഞ്ഞ സീസണിൽ വഴങ്ങിയത് 15 ഗോളുകൾ മാത്രമാണ്. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമും എടികെ മോഹൻ ബാഗാൻ തന്നെയാണ്.
ഡിസംബറിൽ പരിക്കിന്റെ ചികിത്സക്കു വേണ്ടി ഇന്ത്യയിലേക്ക് തിരിച്ചു വന്നപ്പോഴാണ് ജിങ്കനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങൾ എടികെ മോഹൻ ബഗാൻ നടത്തിയതെന്നാണ് അനുമാനിക്കേണ്ടത്. നിലവിൽ നാലാം സ്ഥാനത്തു നിൽക്കുന്ന എടികെ മോഹൻ ബഗാന് ഊർജ്ജം പകരുന്നതാണ് ഈ നീക്കം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.