യുവതാരങ്ങൾക്ക് പ്രചോദനം നൽകാൻ സന്ദേശ് ജിങ്കനുമായി കരാറൊപ്പിട്ട് അഡിഡാസ്


ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനും ഫുട്ബോൾ ആരാധകരുടെ ആരാധനാപാത്രവുമായ സന്ദേശ് ജിങ്കനെ തങ്ങളുടെ ബ്രാൻഡ് അംബാസിഡറാക്കി പ്രമുഖ സ്പോർട്സവെയർ ബ്രാൻഡായ അഡിഡാസ്. യുവാക്കൾക്ക് കൂടുതൽ പ്രചോദനം ഫുട്ബോളിന് അടിസ്ഥാനപരമായ വളർച്ച ഉണ്ടാക്കിയെടുക്കുന്നതിനും ആണ് താരവുമായി അഡിഡാസ് കൈകോർത്തിരിക്കുന്നത്.
ഈ കരാറിലൂടെ ഇന്ത്യയിൽ മറ്റു കായികമേഖലകളിൽ നിന്നുള്ള അത്ലറ്റുകളായ മീരാഭായ് ചാനു, ലോവ്ലിനാ ബോർഗോഹൈൻ, രോഹിത് ശർമ്മ, മൻപ്രീത് സിങ് എന്നിവർക്കൊപ്പം അഡിഡാസ് കരാറൊപ്പിട്ട താരമായി ജിങ്കൻ മാറിയിട്ടുണ്ട്.
Sandesh Jhingan signs multi-year deal with Adidas https://t.co/2skrhWoJQi
— TOI Sports News (@TOISportsNews) February 2, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ സന്ദേശ് ജിങ്കൻ ലയണൽ മെസി, പൗളോ ഡിബാല, പോൾ പോഗ്ബ, മൊഹമ്മദ് സലാ എന്നീ താരങ്ങൾക്കൊപ്പം അഡിഡാസുമായി ചേർന്നുവെന്ന പ്രത്യേകതയും ഇതിനൊപ്പമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകളും അഡിഡാസുമായി ചേർന്നു പ്രവർത്തിക്കുന്നു.
നിരവധി യുവഫുട്ബോൾ താരങ്ങൾക്ക് മാതൃകയായ സന്ദേശ് ജിങ്കൻ പ്രതിഭയും അഭിനിവശവും ഒരുപോലെ സമ്മേളിക്കുന്ന താരമാണെന്നും ഈ കരാറിലൂടെ യുവാക്കൾക്ക് പ്രചോദനം നൽകാനും ഇന്ത്യയിൽ ഫുട്ബോളിന് അടിസ്ഥാനപരമായ വളർച്ച ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അഡിഡാസിന്റെ സീനിയർ ഡയറക്റ്ററായ സുനിൽ ഗുപ്ത പറഞ്ഞു.
ഫുട്ബോൾ മേഖലയിലെ തന്റെ യാത്ര കൂടുതൽ അറിവുകൾ നൽകുന്നുവെന്നും നിലവിൽ ഉള്ളതിനേക്കാൾ വലിയ കായിക ഇനമാക്കി അതിനെ മാറ്റുകയാണ് തന്റെ അഭിലാഷമെന്നും കരാർ ഒപ്പിട്ടതിനു ശേഷം ജിങ്കൻ പറഞ്ഞു. അഡിഡാസ് കുടുംബത്തിൽ അംഗമായതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഫുട്ബോളിനെ വളർത്തുക, 2026 ലോകകപ്പിൽ ഒരു ഇടം നേടുക എന്ന തന്റെ ലക്ഷ്യം നിറവേറ്റാൻ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.