എടികെ വിടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു - ക്രൊയേഷ്യൻ ക്ലബിലെത്തിയതിനെക്കുറിച്ച് സന്ദേശ് ജിങ്കൻ


എടികെ മോഹൻ ബഗാനൊപ്പം എഎഫ്സി കപ്പ് വിജയിക്കാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ക്ലബ് വിടുകയെന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് ഇന്ത്യൻ ടീമിന്റെ പ്രതിരോധതാരമായ സന്ദേശ് ജിങ്കൻ. അഞ്ചു വർഷത്തേക്ക് കൊൽക്കത്ത ക്ലബിലേക്ക് ചേക്കേറിയിരുന്ന താരം കോൺട്രാക്ടിലുണ്ടായിരുന്ന പ്രത്യേക ഉടമ്പടി ഉപയോഗിച്ച് ക്രൊയേഷ്യൻ ക്ലബായ എച്ച്എൻകെ സിബെനിക്കിൽ എത്തിയതിനു ശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു.
"എടികെ മോഹൻ ബഗാനോട് സ്നേഹവും ബഹുമാനവും ഉള്ളതു കൊണ്ടുതന്നെ അവിടം വിടാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒന്നായിരുന്നു. അവിടുത്തെ കളിക്കാരോടും, കോച്ചിങ് സ്റ്റാഫിനോടും, ക്ലബിന്റെ ഉടമകളോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പരിക്കു പറ്റി പതിമൂന്നു മാസത്തോളം ഞാൻ പുറത്തിരുന്ന സമയത്ത് ആളുകൾ എന്നെക്കുറിച്ചുള്ള അഭിപ്രായം മാറ്റിയിരുന്നു. എന്നാൽ എന്നിൽ എടികെ നേതൃത്വം അർപ്പിച്ച വിശ്വാസം കഴിഞ്ഞ സീസണിൽ തിരിച്ചുവരവിന് സഹായിച്ചു."
? @SandeshJhingan ???? ??????? ????
— Goal India (@Goal_India) August 19, 2021
'I'm just a kid from Chandigarh who dreamt BIG!' ?
'After my injury, I saw a lot of people change their opinion about me, it was revealing. @atkmohunbaganfc showed love and respect.' ❤️#IndianFootball
"എഎഫ്സി കപ്പ് വിജയിക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിച്ചിരുന്നു എന്നതു കൊണ്ടു തന്നെ ഈ തീരുമാനം വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. ഏഷ്യയിലെ എല്ലാ താരങ്ങൾക്കും യൂറോപ്പിൽ കളിക്കണമെന്ന ആഗ്രഹമുണ്ടാകും. എനിക്കും ആ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം ലഭിച്ചത് ഇപ്പോഴാണ്."
"എഎഫ്സി കപ്പ് ആരംഭിക്കുന്നതിനൊപ്പമാണ് ഈ അവസരവും ലഭിച്ചത്. വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഒരു തീരുമാനം എടുക്കേണ്ടത് അനിവാര്യമായിരുന്നു. എന്നെ പിന്തുണച്ചതിനു ക്ലബിനോടും അതിന്റെ ഉടമകളോടും ഞങ്ങൾ നന്ദി പറയുന്നു. ഇങ്ങിനെയൊരു അവസരം ലഭിച്ചത് അവർക്കും വളരെ സന്തോഷമുണ്ടാക്കി. പരിശീലകൻ അന്റോണിയോ ഹെബാസ് വളരെയധികം പിന്തുണച്ചു," ജിങ്കൻ പറഞ്ഞു.
ഐഎസ്എല്ലാണ് തനിക്ക് ഇത്തരമൊരു അവസരം ലഭിക്കാൻ സഹായിച്ചതെന്നും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. ചെറുപ്പത്തിൽ യൂറോപ്യൻ താരങ്ങളെ നോക്കി അവർ മറ്റൊരു ഗ്രഹത്തിൽ നിന്നും വന്നവരാണെന്നു ചിന്തിച്ചിരുന്ന തനിക്ക് അവർക്കൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചത് ഐഎസ്എൽ വഴിയാണെന്നും അതിനു കേരള ബ്ലാസ്റ്റേഴ്സിനോടും ലീഗിനോടും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.