Football in Malayalam

സന്ദേശ് ജിങ്കൻ എടികെ വിടാൻ സാധ്യത, ലക്‌ഷ്യം യൂറോപ്യൻ ക്ലബ്

Sreejith N
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

എടികെ മോഹൻ ബഗാൻ താരമായ സന്ദേശ ജിങ്കൻ അടുത്ത സീസണിൽ ഐഎസ്എല്ലിലുണ്ടാകാൻ സാധ്യതയില്ലെന്നു റിപ്പോർട്ടുകൾ. പരിക്കു മൂലം ഏതാണ്ട് ഒരു വർഷത്തോളം മുഴുവൻ നഷ്ടമായതിനു ശേഷം കഴിഞ്ഞ സീസണിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തിയ താരം തിരിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി ഐഎസ്എൽ ഫൈനൽ വരെ ടീമിനെ എത്തിച്ചിരുന്നെങ്കിലും അടുത്ത സീസണിൽ ആ കൂട്ടുകെട്ട് ഉണ്ടാകില്ലെന്നാണ് ചില സോഴ്‌സുകളെ അടിസ്ഥാനമാക്കിയുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തന്റെ യൂറോപ്യൻ സ്വപ്‌നം പൂർത്തീകരിക്കാൻ ഈ സീസണിൽ സന്ദേശ് ജിങ്കൻ ക്ലബ് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂറോപ്പിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്ന ജിങ്കനു വേണ്ടി നിലവിൽ ഓസ്ട്രിയ, ക്രൊയേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെന്നും അതിൽ പറയുന്നു. വിദേശ ക്ലബുകളുടെ വിളി വന്നാൽ അത് പരിഗണിക്കാനുള്ള അവസരം നൽകുന്ന ക്ളോസ് എടികെ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ജിങ്കൻ ഓഫറുകൾ സ്വീകരിക്കാൻ സാധ്യത കൂടുതലാണ്.

"ജിങ്കനു മുന്നിൽ രണ്ട് ഓഫറുകൾ തീർച്ചയായും ഉണ്ട്. യൂറോപ്യൻ ഫുട്ബോളിൽ ഒരു കൈ നോക്കണമെന്നു തന്നെയാണ് താരത്തിന്റെ ആഗ്രഹം. എടികെ മോഹൻ ബഗാനുമായി സംസാരിച്ച് എല്ലാവർക്കും ഗുണകരമായൊരു തീരുമാനം എടുക്കാൻ താരം ശ്രമിച്ചു കൊണ്ടിരിക്കുന്നു." താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച നീക്കങ്ങൾ വിലയിരുത്തുന്ന വ്യക്തി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തി.

നിലവിൽ എടികെ പ്രീ സീസൺ പരിശീലനം ആരംഭിച്ചെങ്കിലും സന്ദേശ് ജിങ്കൻ അവരോടൊപ്പം ചേർന്നിട്ടില്ല. ഈ മാസമാവസാനം എഎഫ്‌സി കപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ താരത്തിന്റെ അസാന്നിധ്യം കൊൽക്കത്ത ക്ലബിന് കനത്ത തിരിച്ചടി തന്നെയാണ്. അതേസമയം ഇന്ത്യൻ ടീമിലെ പ്രധാന പ്രതിരോധ താരമായ ജിങ്കൻ വിദേശത്തെ ക്ലബുകളിൽ കളിക്കുന്നത് ദേശീയ ടീമിനു ഗുണകരമാവുമെന്നതിൽ സംശയമില്ല.

facebooktwitterreddit