Football in Malayalam

സന്ദേശ് ജിങ്കൻ യൂറോപ്പിലേക്ക് പറക്കും; ക്രൊയേഷ്യൻ മുൻ നിര ക്ലബ്ബുമായി ധാരണയിലെത്തി

By Gokul Manthara
Curacao v India - International Friendly
Curacao v India - International Friendly / Pakawich Damrongkiattisak/Getty Images
facebooktwitterreddit

യൂറോപ്പിൽ കളിക്കുകയെന്ന ഇന്ത്യൻ സൂപ്പർ താരം സന്ദേശ് ജിങ്കന്റെ സ്വപ്നം യാഥാർത്ഥ്യത്തിന് തൊട്ടരികെ. നിലവിൽ കൊൽക്കത്തൻ വമ്പന്മാരായ എടികെ മോഹൻ ബഗാന്റെ താരമായ ജിങ്കൻ, ക്രൊയേഷ്യൻ മുൻ നിര ക്ലബ്ബായ എച്ച് എൻ കെ സിബെനിക്കിലേക്കാണ് ചേക്കേറാനൊരുങ്ങുന്നത്. ക്രൊയേഷ്യൻ ക്ലബ്ബിന്റെ വ്യവസ്ഥകൾ താരം അംഗീകരിച്ചതായും കരാർ ഉടൻ ഔദ്യോഗികമാകുമെന്നുമാണ് കരുതപ്പെടുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ അഭിമാനം സമ്മാനിക്കുന്ന വാർത്തയാണിത്.

നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ജിങ്കൻ കഴിഞ്ഞ രണ്ട് വർഷത്തോളമായി യൂറോപ്പിൽ കളിക്കുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു. എന്നാൽ പരിക്കും, കോവിഡ് 19 ന്റെ വരവും താരത്തിന്റെ യൂറോപ്യ‌ൻ സ്വപ്നങ്ങൾക്ക് തടസം നിൽക്കുകയായിരുന്നു‌. ഈ സീസണിൽ ക്രൊയേഷ്യ, ഓസ്ട്രിയ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്ന് ജിങ്കന് ഓഫറുകൾ ലഭിച്ചെങ്കിലും ക്രൊയേഷ്യൻ മുൻ നിര ക്ലബ്ബായ എച്ച് എൻ കെ സിബെനിക്കിൽ ചേരാൻ താരം തീരുമാനിക്കുകയായിരുന്നു‌.

"എച്ച് എൻ കെ സിബെനിക്കുമായി ഞങ്ങൾ ധാരണയിലെത്തി‌. അദ്ദേഹത്തെ (ജിങ്കനെ) എത്രയും വേഗം ക്രൊയേഷ്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്," തിങ്കളാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട്‌ സംസാരിക്കവെ സന്ദേശ് ജിങ്കന്റെ പ്രതിനിധിയായ അനുജ് കിച്ച്ലു വ്യക്തമാക്കി.

2020ൽ കേരളാ‌ ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞതിന് ശേഷം എടികെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ ജിങ്കന് 5 വർഷത്തെ കരാറാണ് അവരുമായുള്ളത്. എന്നാൽ കരാർ കാലയളവിൽ യൂറോപ്യൻ ക്ലബ്ബിൽ നിന്ന് വിളിവന്നാൽ ടീം വിടാൻ അനുവാദം നൽകുന്ന ക്ലോസ് എടികെയുമായി ഒപ്പുവെച്ച ജിങ്കന്റെ കരാറിലുണ്ട്. അത് കൊണ്ടു തന്നെ നിലവിൽ ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് പോകുന്നതിന് താരത്തിന് മറ്റ് തടസങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ പ്രതിരോധ നിരയിലെ കരുത്തൻ ക്ലബ്ബ് വിടുന്നത് എടികെ മോഹൻ ബഗാന് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കുമെന്നത് ഉറപ്പ്.

അതേ സമയം 10 ടീമുകൾ മത്സരിക്കുന്ന ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ക്ലബ്ബാണ് എച്ച് എൻ കെ സിബെനിക്ക്. കഴിഞ്ഞ സീസണിൽ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർക്ക് ഇക്കുറി ആദ്യ 4 മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് നേടാനായിട്ടുള്ളത്.‌


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit