Football in Malayalam

തന്റെ കളി‌ശൈലിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ജേഡൻ സാഞ്ചോ

By Gokul Manthara
Fortuna Duesseldorf v Borussia Dortmund - Bundesliga
Fortuna Duesseldorf v Borussia Dortmund - Bundesliga / Lars Baron/Getty Images
facebooktwitterreddit

തന്റെ കളി ശൈലിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ താരങ്ങളിലൊരാൾ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ജേഡൻ സാഞ്ചോ. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കരാർ പൂർത്തിയാക്കിയതിന് ശേഷം ക്ലബ്ബിന്റെ വെബ്സൈറ്റിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് സാഞ്ചോ ഇക്കാര്യം വെളിപ്പെടുത്തിയത്.

റൊണാൾഡോ തന്റെ കളി‌ശൈലിയിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയുന്ന സാഞ്ചോ, ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണി, ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ എന്നിവർ തന്റെ കുട്ടിക്കാല ഫുട്ബോൾ ഹീറോകളാണെന്നും, ഫുട്ബോളറെന്ന നിലയിൽ തന്നെ രൂപപ്പെടുത്താൻ ഇവരും സ്വാധീനിച്ചിട്ടുണ്ടെന്നും അഭിമുഖത്തിനിടെ വ്യക്തമാക്കി.

കുട്ടിക്കാല ഹീറോകൾ ആരെന്ന ചോദ്യത്തിന് സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞത് ഇങ്ങനെ, "റൊണാൾഡീഞ്ഞോയും, വെയിൻ റൂണിയുമാണത്. അവർ രണ്ട് പേരും വളരെ മികച്ച, മഹത്തായ റോൾ മോഡലുകളാണ്‌."


ഏതെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വളരെ സ്പെഷ്യൽ ആണെന്ന് കരുതുകയും, അദ്ദേഹത്തിൻ്റെ ഗെയിം മാതൃകയാക്കാൻ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്ലബ് ഇതിഹാസം റൊണാൾഡോയുടെ പേരാണ് സാഞ്ചോ പറഞ്ഞത്. ''എല്ലാ കളിക്കാരും വ്യത്യസ്തരാണെന്ന് എനിക്ക് തോന്നുന്നു. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമായ ഗുണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു. പക്ഷേ തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാൾഡോയും, അദ്ദേഹം തന്റെ കരിയറിൽ ചെയ്ത കാര്യങ്ങളും അതിശയകരമാണ്‌. സ്പോർട്ടിംഗിൽ തുടങ്ങിയ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി‌. ഈ ഐതിഹാസിക താരങ്ങളെല്ലാം (റൊണാൾഡോ, റൂണി) ഒരു ഐതിഹാസിക ക്ലബ്ബിലൂടെ കടന്നു വന്നു എന്നത് വളരെ നല്ല കാര്യമാണ്," സാഞ്ചോ പറഞ്ഞു.

അതേ സമയം, ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 73 മില്ല്യൺ പൗണ്ട് മുടക്കിയാണ് സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിലും താരത്തിനായി അരയും തലയും മുറുക്കി മാഞ്ചസ്റ്റർ ക്ലബ്ബ് രംഗത്തുണ്ടായിരുന്നെങ്കിലും കരാർ സാധ്യമാക്കാൻ അന്ന് അവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കാത്തിരുന്നിട്ടാണെങ്കിലും ലോകത്തെ ഏറ്റവും മികച്ച യുവ വിംഗർമാരിലൊരാളെ സ്വന്തമാക്കാൻ ഇപ്പോൾ യുണൈറ്റഡിന് കഴിഞ്ഞത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നുണ്ട്.


facebooktwitterreddit