ഉംറ്റിറ്റി ബാഴ്‌സലോണയുമായി കരാർ പുതുക്കി, ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാകും

Sreejith N
FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / PAU BARRENA/GettyImages
facebooktwitterreddit

വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ടീമിലെത്തിയ ഫെറൻ ടോറസിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബാഴ്‌സലോണക്കുണ്ടായിരുന്ന പ്രതിസന്ധിക്കു പരിഹാരമായി. സ്‌പാനിഷ്‌ മുന്നേറ്റനിര താരത്തെ ഉടനെ തന്നെ ടീമിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുമെന്ന് ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

സാമുവൽ ഉംറ്റിറ്റി കരാർ നീട്ടിയതിന്റെ ഭാഗമായാണ് ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് വഴി തെളിഞ്ഞത്. നേരത്തെ താരം ക്ലബ് വിടാൻ തയ്യാറാകാത്തതു മൂലം ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിൽ നിന്നും വലിയൊരു വഴിത്തിരിവാണ് ഇന്നുണ്ടായത്.

ബാഴ്‌സലോണ സ്ഥിരീകരിക്കുന്നതു പ്രകാരം 2026 വരെയാണ് ഉംറ്റിറ്റി ക്ലബുമായി കരാർ പുതുക്കിയത്. ഫ്രഞ്ച് താരത്തിന്റെ നേരത്തെയുള്ള കരാറിൽ ബാക്കിയുണ്ടായിരുന്ന ഒന്നര വർഷത്തേതടക്കമുള്ള പ്രതിഫലം പുതിയ കരാറിൽ കുറക്കാൻ ഉംറ്റിറ്റി സമ്മതം മൂളിയതാണ് ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ എളുപ്പമാക്കിയത്.

വിവിധ റിപ്പോർട്ടുകൾ പ്രകാരം 16 മില്യൺ യൂറോ ഒരു വര്ഷം പ്രതിവർഷം ശമ്പളമായി വാങ്ങിയിരുന്ന ഉംറ്റിറ്റി പുതിയ കരാറിൽ അത് ആറു മില്യൺ യൂറോയായാണ് കുറിച്ചിരിക്കുന്നത്. 2023ൽ താരത്തിന്റെ കരാർ ബാഴ്‌സലോണക്ക് ടെർമിനേറ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്ന് ജെറാർഡ് റോമെറോ പറയുന്നു.

ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വലിയൊരു ആവേശമാണ് നൽകുക. അതിനൊപ്പം ബുധനാഴ്‌ച രാത്രി നടക്കാനിരിക്കുന്ന ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയുമെന്നത് ടീമിന് ആത്മവിശ്വാസവും നൽകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit