സാമുവല്‍ ഉംറ്റിറ്റി ന്യൂകാസില്‍ യുണൈറ്റഡിനോട് അടുക്കുന്നു

ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം സാമുവല്‍ ഉംറ്റിറ്റി പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിനോട് അടുക്കുന്നു. സെന്റര്‍ ബാക്ക് പൊസിഷനിൽ ടീം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബാഴ്‌സോലണയില്‍ നിന്ന് ന്യൂകാസില്‍ യുണൈറ്റഡ് ഫ്രഞ്ച് താരത്തെ ലക്ഷ്യമിടുന്നത്. ലില്ലെ താരം സ്വെന്‍ ബോട്ട്മാനെ ന്യൂകാസില്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും താരത്തെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോള്‍ ഉംറ്റിറ്റിയെ ലക്ഷ്യം വെച്ചിരിക്കുന്നത്.
ഒരുപക്ഷെ ലോണിയല്‍ ന്യൂകാസില്‍ യുണൈറ്റഡിലെത്തുകയാണെങ്കിലും സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുന്ന രീതിയിലായിക്കും ഉംറ്റിറ്റി പ്രീമിയർ ലീഗിലെത്തുക. കഴിഞ്ഞ സീസണില്‍ ഇറ്റലിയില്‍ നിന്ന് ഉംറ്റിറ്റിക്ക് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ക്ലബ് വിടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിര്‍ബന്ധമായും ക്ലബ് വിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് താരത്തിന്.
യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്ന ഏതെങ്കിലും ടീമിലേക്ക് മാറാനാണ് ഉംറ്റിറ്റിക്ക് താല്‍പര്യം. നിലവില്‍ പ്രീമിയര്‍ ലീഗിലെ റിലേഗഷന്‍ സോണില്‍ നില്‍ക്കുന്ന ന്യൂകാസിലിലെത്തിയാല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കളിക്കാന്‍ താരത്തിന് കഴിയില്ല. എന്നാല്‍ ഉംറ്റിറ്റിയുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ന്യൂകാസില്‍ നല്‍കുമെന്നത് ബാഴ്‌സലോണക്ക് വലിയ ആശ്വാസമാകും. ഫെറാന്‍ ടോറസിനെ ടീമിലെത്തിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന ബാഴ്‌സോലണക്ക് ഇത്തരമൊരു നീക്കം ആശ്വാസമായിരിക്കും.