Football in Malayalam

"ഞാൻ മെസിക്കൊപ്പമല്ല, മെസി എനിക്കൊപ്പമാണു കളിച്ചത്"- മാധ്യമപ്രവർത്തകനെ തിരുത്തി എറ്റൂ

Sreejith N
Barcelona v Sevilla - UEFA Super Cup
Barcelona v Sevilla - UEFA Super Cup / Etsuo Hara/Getty Images
facebooktwitterreddit

ലയണൽ മെസിക്കൊപ്പം കളിച്ചതിന്റെ അനുഭവത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകനെ തിരുത്തി കാമറൂൺ ഇതിഹാസം സാമുവൽ എറ്റൂ. ആ കാലഘട്ടത്തിൽ താൻ മെസിക്കൊപ്പം കളിക്കുകയല്ല, മറിച്ച് മെസി തനിക്കൊപ്പം കളിക്കുകയാണു ചെയ്‌തതെന്നാണ്‌ മുൻ ബാഴ്‌സലോണ താരം പറഞ്ഞത്. മെസി ബാഴ്‌സലോണയിൽ കളിച്ചു തുടങ്ങുമ്പോൾ താൻ ടീമിലെ പ്രധാന താരമായിരുന്നു എന്നാണ് എറ്റൂ ഇതിലൂടെ ഉദ്ദേശിച്ചത്.

മാർക്ക റിപ്പോർട്ട് ചെയ്‌തതു പ്രകാരം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആൻസു ഫാറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എറ്റൂ ഇങ്ങിനെയൊരു മറുപടി നൽകിയത്. "മെസിയെക്കുറിച്ച് നിങ്ങൾ പറഞ്ഞു, അൻസു ഫാറ്റിക്ക് മെസിയിൽ നിന്നും എന്താണു പഠിക്കാൻ കഴിയുക? നിങ്ങൾ മെസിക്കൊപ്പം കളിച്ചിട്ടുള്ള താരമാണല്ലോ" എന്ന ചോദ്യത്തിന് എറ്റൂവിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

"അല്ല, മെസി എനിക്കൊപ്പമാണ് കളിച്ചത്. അതിൽ വ്യത്യാസമുണ്ട്. ഞാൻ മെസിക്കൊപ്പമല്ല കളിച്ചത്. എന്റെ സമയത്ത് മെസി എനിക്കൊപ്പമാണ് കളിച്ചത്. അതു വളരെ വളരെ വ്യത്യാസമുണ്ട്." എറ്റൂ പറഞ്ഞു.

2004ലാണ് റയൽ മയോർക്കയിൽ നിന്നും എറ്റൂ ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. തുടർന്ന് റൊണാൾഡീന്യോ, ജിയൂലി എന്നിവർക്കൊപ്പം മികച്ച പ്രകടനം നടത്തി മുന്നേറിയ താരം അഞ്ചു സീസണിലായി 199 മത്സരങ്ങൾ ബാഴ്‌സക്കു വേണ്ടി കളിച്ച് 130 ഗോളുകൾ നേടിയിട്ടുണ്ട്.

അതേസമയം എറ്റൂ ബാഴ്‌സയുടെ പ്രധാന താരമായിരിക്കുമ്പോൾ ടീമിലെത്തിയ മെസി പിന്നീട് അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ് നേടിയത്. 2009ൽ ബാഴ്‌സലോണ വിട്ട എറ്റൂ പിന്നീട് ഇന്റർ മിലാനിലേക്ക് ചേക്കേറുകയും നൂറിലധികം മത്സരങ്ങൾ ഇറ്റാലിയൻ ക്ലബിനു വേണ്ടി കളിക്കുകയും ചെയ്‌തു.

facebooktwitterreddit